‘ഉറക്കമില്ലാത്ത രാത്രികൾ, ഇരയെപ്പോലെതന്നെ തകർന്നുപോവുന്നു’; എന്നും അവൾക്കൊപ്പം-ഷഫ്ന നിസാം

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ ഗൂഢാലോചനാക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനു പിന്നാലെ സാമൂഹികമാധ്യമത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ അതിജീവിതയായ നടിയുടെ അടുത്ത സുഹൃത്തും നടിയുമായ ഷഫ്ന നിസാമും വിധിയിൽ നിരാശ പ്രകടിപ്പിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. എന്നും എപ്പോഴും അവൾക്കൊപ്പം എന്നുപറഞ്ഞാണ് ഷഫ്ന വിധിയിലെ നിരാശ പങ്കുവെച്ചിരിക്കുന്നത്.

പ്രതീക്ഷ നഷ്ടപ്പെടുന്നു എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ജീവിതം കീഴ്മേൽ മറിഞ്ഞ, ദുരിതം അനുഭവിച്ച ഇരയ്ക്ക് എന്ത് നീതിയാണ് ലഭിച്ചതെന്ന് ഷഫ്ന കുറിക്കുന്നു. ഉറക്കമില്ലാത്ത രാത്രികൾ, പൊട്ടിത്തകർന്ന സമയങ്ങൾ, വേദന, അതിക്രമം, കഠിനമായ വാക്കുകൾ, സ്വഭാവഹത്യ തുടങ്ങിയവയൊന്നും മാഞ്ഞുപോവില്ല. എന്നിരിക്കിലും നീതി ലഭ്യമായിരുന്നെങ്കിൽ അവളുടെ തകർന്നുപോയ ലോകത്തിന് താൻ കേൾക്കപ്പെടുന്നുണ്ടെന്ന് തോന്നുമായിരുന്നു. അവൾക്ക് കഴിഞ്ഞില്ലെങ്കിൽപ്പോലും കുറഞ്ഞത് സത്യം നിലനിൽക്കുമായിരുന്നു. നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇരയുടെ അതേപോലെ തന്നെ തകർന്നുപോവുന്നു-ഷഫ്ന കുറിച്ചു.

നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടു വര്‍ഷത്തിനുശേഷമാണ് വിധിവരുന്നത്. കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. ദിലീപിനെതിരായുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് കോടതി അദ്ദേഹത്തെ വെറുതെവിട്ടത്‌.

കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തത്. 2018 മാര്‍ച്ച് എട്ടിന് വിചാരണ ആരംഭിച്ച കേസില്‍ അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ നിയമിച്ച് രഹസ്യവിചാരണയാണ് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News