തിരുവനന്തപുരം:പെട്രോൾ-പാചകവാതക വിലർധനയിലും നികുതികൊള്ളയ്ക്കുമെതിരെ യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ ചവിട്ടിയുള്ള പ്രതിഷേധ യാത്ര ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ പ്രതിഷേധത്തിനിടെ ഷാഫി സഹപ്രവർത്തകരോട് പറഞ്ഞ തമാശ സാമൂഹിക മാധ്യമങ്ങളിലിപ്പോൾ ട്രോളായി നിറഞ്ഞ് നിൽക്കുകയാണ്.
സൈക്കിൽ ചവിട്ടി ക്ഷീണിച്ച ഷാഫി ‘ഞാൻ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്’ തന്റെ പിന്നിലുള്ള സഹപ്രവർത്തകനോട് പറഞ്ഞതാണ് ട്രോളായത്. ഈ സമയം പ്രതിഷേധ പരിപാടിയുടെ ഫേസ്ബുക്ക് ലൈവ് പോകുന്നുണ്ടായിരുന്നു. ലൈവ് എടുത്തിരുന്നയാൾ ഷാഫിയോട് ‘ലൈവ് ലൈവ്’ എന്ന് പറഞ്ഞപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ലൈവ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ വീഡിയോ ഡീലീറ്റായപ്പോഴേക്കും വീഡിയോ എത്തേണ്ടിടത്ത് എത്തിയിരുന്നു.
വോട്ടിന് വേണ്ടിയുള്ള നാടകമെന്ന് പറഞ്ഞാണ് സാമൂഹിക മാധ്യമങ്ങളിലെ ഇടത് ഹാൻഡിലുകൾ ഷാഫിയെ ട്രോളുന്നത്. എന്നാൽ സൈക്കിൾ റാലിയാണെങ്കിലും പദയാത്രയാണെങ്കിലും പ്രതിഷേധിക്കുന്ന കാര്യം തന്നൈയാണ് പറഞ്ഞതെന്നാണ് കോൺഗ്രസ് അനുകൂലികൾ ഇതിന് നൽകുന്ന മറുപടി.
രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കായംകുളം മുതല്‍ രാജ്ഭവന്‍ വരെയായിരുന്നു സൈക്കിള്‍ റാലി. ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ എത്തി റാലിക്ക് പിന്തുണ നല്‍കിയിരുന്നു.