കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി രംഗത്ത്. ജനാധിപത്യ വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഡിവൈഎഫ്‌ഐക്കാര്‍ക്ക് മറുപടി നല്‍കേണ്ട ആവശ്യം തനിക്കില്ല എന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫിയെ വടകരയില്‍ തടഞ്ഞത്.
‘വടകരയില്‍ ഭിന്നശേഷികുട്ടികളുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഞാന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നെ തടയുന്നതും തടയാത്തതും അവരുടെ ഇഷ്ടമാണ്. സമരം ചെയ്യുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, തെറി പറയുന്നത് കേട്ട് പോവുന്നതില്‍ ആണ് പ്രശ്‌നം. പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടായിക്കോട്ടെ, പക്ഷേ വായ അടപ്പിക്കാം എന്ന് ആരും കരുതരുത്,’ ഷാഫി പറഞ്ഞു.
‘ഡിവൈഎഫ്‌ഐക്കാരോട് മറുപടി പറയേണ്ട ആവശ്യം എനിക്കില്ല. ആരുടെയും ഭീഷണിക്ക് മുമ്പില്‍ മുട്ട് മടക്കില്ല. ജനാധിപത്യ വിരുദ്ധമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്കെതിരെ സമരം ചെയ്യുന്നതിന്റെ ലോജിക് മനസിലാവുന്നില്ല. വടകര ബ്ലോക്ക് കമ്മിറ്റിയെ കൊണ്ട് ഞാനാണോ പ്രതിഷേധം സംഘടിപ്പിച്ചത്.’ എംപി ചോദിച്ചു.
‘കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയത് ഞാന്‍ ആണ് എന്ന് പറഞ്ഞവര്‍ ആണ് വടകരയിലെ ഡിവൈഎഫ്‌ഐക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ഉള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ ഇതേ നിലപാടാണോ ഡിവൈഎഫ്‌ഐ സ്വീകരിക്കുന്നത്,’ ഷാഫി ചോദിച്ചു. ബുധനാഴ്ച വടകര ടൗണ്‍ഹാളില്‍ കെ.കെ. രമ എംഎല്‍എ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണവൈബ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് ഡിവൈഎഫ്‌ഐക്കാര്‍ ഷാഫിയെ വഴിയില്‍ തടഞ്ഞത്.


