കണ്ണൂർ: കണ്ണൂർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായ ഇരുപത്തിയാറാം വർഷവും എസ്എഫ്ഐക്ക് ജയം. കെഎസ്‌യു- എംഎസ്എഫ് സഖ്യത്തെയാണ് 34 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർഥികൾ തോൽപ്പിച്ചത്.
ചെയർമാനായി പാലയാട് ക്യാമ്പസിലെ നന്ദജ് ബാബുവും വൈസ് ചെയർമാനായി എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിലെ എം ദിൽജിത്തും തെരഞ്ഞെടുക്കപ്പെട്ടു. മാടായി കോ– ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അൽന വിനോദാണ് ലേഡി വൈസ് ചെയർപേഴ്സൺ. ജനറൽ സെക്രട്ടറിയായി തളിപ്പറമ്പ് കിലയിലെ കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി ബ്രണ്ണൻ കോളേജിലെ കെ ആദിഷയും തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ ജില്ലാ എക്സിക്യുട്ടിവായി പിലാത്തറ കോ–ഓപ്പറേറ്റീവ് കോളേജിലെ പി കെ ശ്രീരാഗ് വിജയിച്ചു. വയനാട് ജില്ലാ എക്സിക്യുട്ടിവായി എംഎസ്എഫിലെ മുഹമ്മദ് നിഹാൽ നറുക്കെടുപ്പിലൂടെ ജയിച്ചു. കാസർകോട് ജില്ലാ എക്സിക്യുട്ടിവായി എംഎസ്എഫിലെ എം ടി പി ഫിദ രണ്ടു വോട്ടിന് ജയിച്ചു. വി സാനിയ (ചെയർപേഴ്സൺ), കെ മുഹമ്മദ് ഫർഷിദ് (ജനറൽ സെക്രട്ടറി),ഷിജാസ് അഹമ്മദ് (വൈസ് ചെയർമാൻ), നാജിയ റൗഫ് (ലേഡി വൈസ് ചെയർ പേഴ്സൺ) പി അനിൽ (ജോ സെക്രട്ടറി) എന്നിവരായിരുന്നു യുഡിഎസ്എഫ് സ്ഥാനാർഥികൾ.


