തിരുവനന്തപുരം: ഗവർണർ സർവകലാശാലകളെ തകർക്കുകയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ നാളെ രാജ്ഭവൻ വളയും. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർ.എസ്.എസ് അനുകൂലികളെ നിയമിക്കുകയാണ് ഗവർണറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ആരോപിച്ചു. സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നാളെ പഠിപ്പുമുടക്കുമെന്നും പി.എം.ആർഷോ അറിയിച്ചു.
കെ.സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നും കെ.എസ്.യുവിനും എം.എസ്.എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി.എം.ആർഷോ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഗവർണറെന്നും സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണെന്നും എസ്.എഫ്.ഐ ആരോപിച്ചു .
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശത്തിന് വിരുദ്ധമായ അഭിപ്രായമാണ് എസ്.എഫ്.ഐ ക്കുള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം പറഞ്ഞതെന്നും ആർഷോ പറഞ്ഞു.