കൊച്ചി : വധശ്രമക്കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പിജി പരീക്ഷ എഴുതാനായി നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റത്തിലേര്‍പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ഉത്തരവ്.
വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാണ് ആർഷോ അറസ്റ്റിലായത്. സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് കോടതി നിർദേശപ്രകാരം ആർഷോയെ റിമാൻഡ് ചെയ്യുകയായിരുന്നു.
2018 ൽ എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ വെച്ച് വിദ്യാർത്ഥിയെ ആക്രമിച്ച കേസിലാണ് പിഎം ആർഷോയ്ക്ക് എതിരെ കേസെടുത്തത്. കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരമാണ് ഇക്കഴിഞ്ഞ ജൂണിൽ ആർഷോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തതുമായി ബന്ധപ്പെട്ട് പൊലീസിനെ അതിരൂക്ഷമായി വിമർശിച്ചാണ് കോടതി നേരത്തെ ആർഷോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നത്.
പിന്നാലെ ജൂലൈ 22 ന് ആർഷോയ്ക്ക് കോടതി പരീക്ഷ എഴുതുന്നതിന് ഇടക്കാല ജാമ്യം നൽകി. 50000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ പിഎം ആർഷോയ്ക്ക് ഇല്ലെന്നും നിയമ വിരുദ്ധമായിട്ടാണ് ഹാൾ ടിക്കറ്റ് നൽകിയത് എന്നും പരാതിക്കാരൻ കോടതിയിൽ വാദിച്ചിരുന്നു.
എന്നാല്‍, ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ ആർഷോ പരീക്ഷ എഴുതട്ടെയെന്ന് അന്ന് കോടതി നിലപാട് എടുത്തു. നാല്‍പ്പതോളം കേസുകളിൽ പ്രതിയാണ് പിഎം ആർഷോ. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ആർഷോയെ ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.