കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം; മന്ത്രി വീണാ ജോര്‍ജിന് പരിക്ക്,നാടകമെന്ന് പ്രതിപക്ഷം

കണ്ണൂർ: മന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിൽ കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം. എസ്എഫ്‌ഐ മാർച്ച് നേരിടാൻ യൂത്ത് കോൺഗ്രസുകാരുൾപ്പെടെ എത്തിയതോടെ കല്ലേറുൾപ്പെടെയുള്ള അക്രമത്തിലേക്ക് വഴിമാറി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇരുകൂട്ടരെയും നിയന്ത്രിച്ച് മാറ്റിയത്. ഡിസിസി ഓഫീസ് കയറി ആക്രമണം നടത്താൻ ഒത്താശ ചെയ്തുവെന്നാരോപിച്ച് പോലീസിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനു നേരെ നടക്കുന്ന പ്രതിഷേധം ഇത് രണ്ടാം തവണയാണ് വിവാദമാകുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റീത്തുവെച്ച് പ്രതിഷേധിച്ചത് ഇടത്-വലത് മുന്നണികൾ തമ്മിൽ വലിയ വാക്‌പോരിനിടയാക്കിയിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ച പിന്നിടുംമുമ്പാണ് കെഎസ്‌യു പ്രതിഷേധവും മന്ത്രിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സിപിഎം വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലുമാണ്. ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിച്ച മന്ത്രി വീണയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗമെത്തി.

മന്ത്രിയുടേത് നാടകമാണെന്ന് പറഞ്ഞ് പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മന്ത്രിയുടെ വീട്ടിൽ കയറി റീത്തുവെച്ച് പ്രതിഷേധിച്ചുള്ള നടപടിയെ അന്ന് തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് ഇത്തവണ പ്രതിരോധത്തിന് മുന്നോട്ട് വന്നിട്ടുണ്ട്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടേത് അടുത്തേക്ക് പോലും എത്തിയില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു.

മന്ത്രി തകർത്ത് അഭിനയിക്കുകയാണെന്നാണ് കെഎസ്‌യു നേതാവ് അലോഷ്യസ് സേവ്യർ പറഞ്ഞത്. ‘നടിപ്പിൻ നായിക’ എന്ന് കുറിച്ച് കൊണ്ട് മന്ത്രികാലത്ത് മന്ത്രിക്ക് മോണോ ആക്ടിൽ ഒന്നാം സ്ഥാനം കിട്ടിയ പ്രകടനത്തിന്റെ ചിത്രം  ഒപ്പം നൽകിയിട്ടുണ്ട്. കോൺഗ്രസ്-യുഡിഎഫ് നേതാക്കളും സൈബർ ഹാൻഡിലുകളും സമാനമായ ആരോപണമുയർത്തി പ്രതിരോധിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.

വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രിയാണെന്ന് കെ സുധാകരൻ പരിഹസിച്ചു.

ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണമെന്ന് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. .

‘സമരത്തിന്റെ ദൃശ്യങ്ങളിൽ കെഎസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല. മന്ത്രി കെഎസ് യു പ്രവർത്തകരുടെ നേർക്ക് തട്ടിക്കയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഉണ്ട് . മാധ്യമങ്ങളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും ഇടയിലാണ് ജനാധിപത്യപരമായ സമരം നടന്നത്. പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം .ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്..’ സന്ദീപ് വാര്യർ വ്യക്തമാക്കി.

വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടും എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തെയും ചൂണ്ടിക്കാട്ടിയാണ് വി.ടി.ബൽറാമിന്റെ പരിഹാസം.

‘സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട് ‘

പറയുന്നത് സിപിഎം മന്ത്രി വീണാ ജോർജും കേട്ടത് സിപിഎം മുഖ്യമന്ത്രി വിജയനുമായത് കൊണ്ട് ഇക്കാര്യം ശരിയാവാനാണ് സാധ്യത. നല്ല പരിക്ക് പറ്റിയിട്ടുണ്ടാവണം, നല്ല വേദനയുണ്ടാവാൻ സാധ്യതയുണ്ട്.

പിണറായി വിജയൻ സാർ ഇതുപോലെ ഇൻഡിഗോ ഫ്‌ലൈറ്റിനകത്ത് വച്ച് പോലും വധശ്രമം നേരിട്ടയാളാണ്. അന്ന് ജയരാജേട്ടൻ ഇടപെട്ടില്ലായിരുന്നെങ്കിൽ എന്തെങ്കിലും അത്യാഹിതം നടന്നേനെ. ജയരാജേട്ടനാണെങ്കിൽ പത്തു മുപ്പത് വർഷമായി ഇങ്ങനെ വെടിയുണ്ടയും കഴുത്തിൽപ്പേറി നടക്കുകയാണ്. എന്നാലും കണ്ണിൽച്ചോരയില്ലാത്ത ഇൻഡിഗോക്കാർ പാവം ജയരാജേട്ടനാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

എകെജി സെന്ററിനു മുകളിൽ ആറ്റംബോംബ് ഇട്ടപ്പോൾ ആദ്യമൊന്ന് കിടുങ്ങിപ്പോയെങ്കിലും പിന്നീട് ധൈര്യപൂർവ്വം അതിനെ നേരിട്ട ശ്രീമതി ടീച്ചറും വടകരയിൽ കാഫിർ സ്‌ക്രീൻഷോട്ടിനാൽ ആക്രമിക്കപ്പെട്ടിട്ടും മതസൗഹാർദ്ദത്തിനായി വിട്ടുവീഴ്ച ചെയ്ത ശൈലജ ടീച്ചറുമൊക്കെയുള്ള സിപിഎമ്മിന്റെ ഭാഗമാണ് ഇപ്പോൾ വീണാ ജോർജും. അതു കൊണ്ട് അവർ പറയുന്നത് സത്യമാവാൻ തന്നെയാണ് സാധ്യത’ ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കർ എ.എൻ.ഷംസീർ സംഭവശേഷം തിരുവനന്തപുരത്തേക്ക് പോയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു കെ.എസ്.ശബരിനാഥന്റെ പോസ്റ്റ്. ‘എന്നാലും ഞാൻ ആലോചിക്കുന്നത് സ്പീക്കർ AN ഷംസീർ എന്തൊരു മനുഷ്യനാണ് എന്നാണ് .റെയിൽവേ സ്റ്റേഷനിൽ തന്റെ കണ്മുന്നിൽവച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ICUയിലേക്ക് പാഞ്ഞുപോയ ആരോഗ്യമന്ത്രിയെ ഒന്ന് മൈൻഡ് ചെയ്യാതെ അപ്പോൾ തന്നെ വന്ദേ ഭാരത്തിൽ തിരുവനന്തപുരത്തേക്ക് കയറി പോയ ആ മനസ്സ്….’ശബരിനാഥൻ കുറിച്ചു.

സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് വരികയാണ് സിപിഎം. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും മന്ത്രിമാരും നേതാക്കളും അപലപിച്ച് രംഗത്തെത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിനിറങ്ങുകയും ചെയ്തു. സംഭവം നടന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

‘ഈ ഗുണ്ടകളുടെ കെണിയിൽപ്പെട്ട് അതേരീതിയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കാതിരിക്കണം. ജനങ്ങളാണ് ഇത്തരം കാര്യങ്ങളിൽ ശരിയായ വിധിയെഴുതേണ്ടവർ. അവരുടെ അടുത്തേക്ക് കാര്യങ്ങളെത്തിക്കാൻ ജനാധിപത്യ രീതിയിലുള്ള കടുത്ത പ്രതിഷേധം ഉയരണം. ഏതെല്ലാം രീതിയിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ കഴിയുന്നവോ അതിലെല്ലാം പങ്കാളികളാകണം’ മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ ആദ്യം ആക്രമണ ശ്രമമുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉടനെ അത് തിരുത്തി ആക്രമിച്ചുവെന്ന് പറഞ്ഞു.

മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പിടിച്ച് തിരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

Following the incident where Minister Veena George sustained injuries, a protest march organized by the SFI to the Kannur DCC office escalated into a violent clash. As Youth Congress workers arrived to defend the office, the situation devolved into stone-pelting, forcing the police to intervene. The Congress party has since accused the police of facilitating the attack on their office.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News