KeralaNews

എം.ജി.യിൽ എ.ഐ.എസ്.എഫ് കെ.എസ്.യു സഖ്യം,വമ്പൻ പരാജയമേറ്റുവാങ്ങിയതോടെ ഇരവാദമെന്ന് എസ്.എഫ്.ഐ

തിരുവനന്തപുരം:എം ജി സർവ്വകലാശാല (MG University) സെനറ്റ് – സ്റ്റുഡൻ്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ (SFI) അക്രമം നടത്തിയെന്ന എഐഎസ്എഫ് (AISF) ആരോപണം തള്ളി എസ്എഫ്ഐ. ഇരവാദം ഉണ്ടാക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. സഹതാപം പിടിച്ചു പറ്റാനാണ് അവർ ആരോപണം ഉന്നയിക്കുകയാണെന്നും എസ്എഫ്ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്എഫ്ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം മുതൽ തീർത്തും അനഭിലഷണിയ പ്രവണതകളാണ് എഐഎസ്എഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എഐഎസ്എഫ്, സ്റ്റുഡൻ്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെഎസ്.യൂ – എഐഎസ്എഫ് – എംഎസ്എഫ് സഖ്യത്തിൻ്റെ ഭാഗമാണ്. എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെഎസ്യൂവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

ഇത് എഐഎസ്എഫ് ഉൾപ്പെടുന്ന ആൻ്റി എസ്എഫ്ഐ മുന്നണിക്ക് തിരിച്ചടിയായി. എം ജി സർവ്വകലാശാല സെനറ്റ് – സ്റ്റുഡൻ്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ചാണ് എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്.

എസ്എഫ്ഐ നേതാക്കളാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം. വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിൻ്റെ ജാള്യത മറയ്ക്കാനാണ് അവരുടെ ശ്രമം. ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എഐഎസ്എഫിൻ്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എഐഎസ്എഫ് (AISF) വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ (SFI workers) പൊലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ.എം.അരുൺ എന്നിവർക്കെതിരെയാണ് പരാതി. അരുൺ മന്ത്രി ആർ.ബിന്ദുവിന്റെ പേർസണൽ സ്റ്റാഫ് ആണെന്നയിരുന്നു ഇന്നലെ എഐഎസ്എഫ് ആരോപിച്ചത്. ഇന്ന് ആരോപണം തിരുത്തുകയായിരുന്നു. പരാതിയുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് എഐഎസ്എഫ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button