‘അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിക്കില്ല’ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസ് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. കേസുമായി ബന്ധപ്പെട്ട രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പ്രതിയായ അധ്യാപകന്‍ പിന്നീട് അതിജീവിതയുടെ കുടുംബത്തിന്റെ പക്കല്‍ നിന്ന് പരാതിയില്ലെന്ന് എഴുതിവാങ്ങി.

കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ഇനി ആവശ്യമില്ലെന്നും സ്റ്റാംപ് പേപ്പറിലാണ് എഴുതിവാങ്ങിയത്. ഇതു സ്വീകരിച്ച പൊലീസ് നടപടിക്രമങ്ങളെല്ലാം നിര്‍ത്തിവയ്ക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും ഇതോടെ പ്രതിയായ അധ്യാപകനെ വെറുതെവിടുകയായിരുന്നു.

നടപടി ചോദ്യം ചെയ്ത്, രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രധാനമായ നിരീക്ഷണമുണ്ടായത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി, അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News