ലൈംഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണം: ഹൈക്കോടതി

കൊച്ചി: ഭർത്താവിന്റെ ലൈംഗികവൈകൃത സ്വഭാവം വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹമോചന ഹർജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരേ യുവതി നൽകിയ ഹർജി അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

2009 ഓഗസ്റ്റ് 23-നായിരുന്നു ഹർജിക്കാരിയുടെ വിവാഹം. 17 ദിവസം കഴിഞ്ഞ്‌ ഭർത്താവ് ജോലിക്ക് വിദേശത്തേക്കുപോയി. നവംബർ 29 വരെ ഭർതൃഗൃഹത്തിൽ താമസിച്ചെങ്കിലും അവർ തന്നെ പുറത്താക്കിയെന്ന് കുടുംബക്കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ആരോപിച്ചിരുന്നു. ഭർത്താവ് ലൈംഗികവൈകൃതമുള്ള വ്യക്തിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ഈ ആരോപണങ്ങൾ നിഷേധിച്ച് വിവാഹബന്ധം പുനഃസ്ഥാപിക്കാൻ ഭർത്താവും കുടുംബക്കോടതിയിൽ ഹർജി നൽകി. എന്നാൽ, ലൈംഗികവൈകൃതമടക്കമുള്ള ഹർജിക്കാരിയുടെ ആരോപണം കണക്കിലെടുക്കാതെ കുടുംബക്കോടതി വിവാഹമോചന ഹർജി തള്ളി.

വിവാഹബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണെന്ന് 2017-ൽ വ്യക്തമാക്കിയെങ്കിലും ഇതിനുള്ള നടപടി ഭർത്താവ് സ്വീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരിയെ ഉപേക്ഷിച്ചെന്ന വാദം തെളിയിക്കാൻ മതിയായ തെളിവില്ലെന്ന ഭർത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും ലൈംഗികവൈകൃതം വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും ഹൈക്കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News