ബെംഗളുരു; ലൈംഗികാരോപണത്തിൽ പെട്ട കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളി രാജിവെച്ചു. ആരോപണങ്ങൾ വ്യാജമാണെന്നും ധാർമ്മികത മുൻനിർത്തിയാൻ താൻ രാജിവെക്കുന്നതെന്നും രമേശ് ജാർക്കിഹോളി പറഞ്ഞു. ‘ആരോപണങ്ങൾ സത്യത്തിൽ നിന്ന് വളരെ അകലെയാണ്. ഇത് സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണം. ഞാൻ നിരപരാധിയാണ്, പക്ഷേ ധാർമ്മിക കാരണങ്ങളാൽ ഞാൻ രാജിവയ്ക്കുന്നു. എന്റെ രാജി ദയവായി സ്വീകരിക്കുക’- അദ്ദേഹം ഒരു കത്തിൽ എഴുതി. മന്ത്രിയുടെ രാജി മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ സ്വീകരിച്ചു.
സർക്കാർ ജോലി വാഗ്ദാനം ചെയ്തു മന്ത്രി ഒരു യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത്. മന്ത്രിയും യുവതിയുമുള്ള സ്വകാര്യ വീഡിയോ ക്ലിപ്പ് പുറത്തു വരികയും ചെയ്തു. കന്നഡ ടിവി ചാനലുകൾ മന്ത്രിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. മന്ത്രിയും യുവതിയും തമ്മിൽ നടത്തുന്ന ഓഡിയോ സംഭാഷണവും പുറത്തു വന്നിരുന്നു. സംഭാഷണത്തിനിടെ, ജാർക്കിഹോളി യുവതിയെ സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കുകയും ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നത് കേൾക്കാം. താൻ ഇപ്പോൾ കർണാടക ഭവനിലാണ് (ഡൽഹിയിൽ) എന്നും മന്ത്രി പറയുന്നുണ്ട്. എന്നാൽ പുറത്തുവന്ന ക്ലിപ്പുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വ്യാഴാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബി എസ് യെദ്യൂരപ്പ സർക്കാരിനെ് വലിയ തിരിച്ചടിയായി മന്ത്രി രമേശ് ജാർക്കിഹോളിയുടെ വീഡിയോ ക്ലിപ്പ് മാറിയിരുന്നു. ജാർക്കിഹോളിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവ്രാജ് ബോമ്മി പറഞ്ഞു. മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സാമൂഹ്യ പ്രവർത്തകനായ ദിനേശ് കല്ലഹള്ളി ചൊവ്വാഴ്ച ജാർക്കിഹോളിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ദിനേശ് ആരോപിച്ചു. യുവതി ഐഡന്റിറ്റി പരസ്യമാക്കാൻ ആഗ്രഹിക്കാത്തതിനാൽ പരാതി നൽകാൻ തനിക്ക് അധികാരമുണ്ടെന്ന് കല്ലഹള്ളി അവകാശപ്പെട്ടു.
ഒരു ദരിദ്ര കുടുംബത്തിലെ യുവതി ഒരു ഹ്രസ്വചിത്രം നിർമ്മിക്കാൻ മന്ത്രിയെ സമീപിച്ചപ്പോൾ കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി ഉറപ്പ് നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കല്ലഹള്ളി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. മന്ത്രി ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്‍റെ സിഡി ഉൾപ്പടെയുള്ള തെളിവുകൾ യുവതിയുടെ കൈവശമുണ്ടായിരുന്നു. ഇത് അറിഞ്ഞ മന്ത്രി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്ന് യുവതി അറിയിച്ചതായി ദിനേശ് ആരോപിച്ചു.
വീഡിയോ വ്യാജമാണെന്നും തനിക്ക് സ്ത്രീയെ പോലും അറിയില്ലെന്നും ജാർക്കിഹോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതെല്ലാം തനിക്കെതിരായ “വലിയ” ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. “എനിക്ക് സ്ത്രീയെയും പരാതിക്കാരനെയും അറിയില്ല. ഞാൻ മൈസൂരുവിലായിരുന്നു, ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പോയി. ആ വീഡിയോ എന്തിനെക്കുറിച്ചാണെന്ന് എനിക്കറിയില്ല, കാരണം ഞാൻ ഒരിക്കലും ആ സ്ത്രീയോട് സംസാരിച്ചിട്ടില്ല. ആരോപണവിധേയമായ വീഡിയോയെക്കുറിച്ച് വിശദീകരണം നൽകാൻ ഞാൻ എന്റെ പാർടി നേതൃത്വത്തെ കാണാൻ പോകുന്നു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണം, ”അദ്ദേഹം പറഞ്ഞു.
60 വയസുകാരനായ രമേശ് ജാർക്കിഹോളി സംസ്ഥാനത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നാണ് വരുന്നത്. ബെലഗാവി ജില്ലയിൽ നിന്നുള്ള രമേശ് ജാർക്കിഹോളി മുമ്പ് കോൺഗ്രസിൽ ആയിരുന്നു. സംസ്ഥാനത്ത് ജെ ഡി എസ് – കോൺഗ്രസ് സഖ്യത്തിലുണ്ടായിരുന്ന എച്ച് ഡി കുമാരസ്വാമി സർക്കാരിനെ വീഴ്ത്തി ബി ജെ പിയെ അധികാരത്തിലെത്തിക്കുന്നതിന് ചുക്കാൻ പിടിച്ചത് രമേശ് ജാർക്കിഹോളിയായിരുന്നു. കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേരുകയും കൂടുതൽ പേരെ ബിജെപി പാളയത്തിൽ എത്തിക്കാൻ നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്താൻ സഹായിച്ച 17 കോൺഗ്രസ്-ജനതാദൾ (സെക്കുലർ) എംഎൽഎമാരെ ബിജെപിയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് രമേശ് ജാർക്കിഹോളി ആയിരുന്നു.