ലൈംഗികാതിക്രമ പരാതി; എയിംസില്‍ വകുപ്പുമേധാവിക്ക് സസ്‌പെന്‍ഷന്‍,നടപടി നഴ്‌സസ് യൂണിയന്റെ പരാതിയില്‍

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സിടിവിഎസ്) വകുപ്പുമേധാവി ഡോ.എ.കെ ബിസോയിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ലൈംഗികാതിക്രമവും അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളും ബിസോയിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് കാണിച്ച് എയിംസ് നഴ്സസ് യൂണിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും എയിംസ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയില്‍ ബിസോയി അടിക്കടി അശ്ലീലം കലർന്നതും അപമാനിക്കുന്നതുമായ സംഭാഷണങ്ങള്‍ ഉപയോഗിച്ചതായി നഴ്‌സസ് യൂണിയന്‍ ആരോപിച്ചു. തനിക്കെതിരെ പരാതി നല്‍കുന്നവരെ ബിസോയി ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.

ലൈംഗികാതിക്രമം പോലുള്ള ആരോപണങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരുവകുപ്പു മേധാവിയെ നീക്കം ചെയ്യുന്നത് സമീപകാലങ്ങളിലുണ്ടായ അപൂര്‍വ്വ സംഭവമാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിഷയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്ക് (ഐസിസി) റഫര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായിട്ടല്ല ഡോ.ബിസോയി അച്ചടക്ക നടപടി നേരിടുന്നത്. ക്രമക്കേടുകള്‍ ആരോപിച്ച് 2009-ല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2019-ല്‍ ബിസോയിക്ക് നേരെ സമാനമായ ലൈംഗികാതിക്രമ പരാതികളുണ്ടായെങ്കിലും നടപടിയുണ്ടായില്ല. ചികിത്സ പിഴവ് ആരോപിച്ച് 2012-ലും ഡോ.ബിസോയിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോ.വി.ദേവഗൗറൂവാണ് പുതിയ കാര്‍ഡിയോ തൊറകിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സിടിവിഎസ്) വകുപ്പുമേധാവി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News