വീട്ടുജോലിക്കായി കൊണ്ടുവന്നു, 14 വയസു മുതല്‍ ലൈംഗിക പീഡനവും അതിക്രമവും; ഇടപ്പള്ളി സ്വദേശി അറസ്റ്റില്‍, ഭാര്യ ഒളിവില്‍

കൊച്ചി: വീട്ടുജോലിക്കു നിര്‍ത്തിയ പെണ്‍കുട്ടിയെ ഏഴു വര്‍ഷം തുടച്ചയായി പീഡിപ്പിച്ച കേസില്‍ ഇടപ്പള്ളി സ്വദേശി അറസ്റ്റില്‍. ചങ്ങമ്പുഴ പാര്‍ക്കിനു സമീപം ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയില്‍ പോളിനെയാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യയെ പ്രതിചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണ്.

കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി 14 വയസു മുതല്‍ പീഡനത്തിന് ഇരയാവുകയാണ്. വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ടുവന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ ഇയാളും ഭാര്യയും ചേര്‍ന്ന് ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഭക്ഷണവിതരണ ബിസിനസുള്ള പ്രതി രാത്രി പോലും പെണ്‍കുട്ടിയെയാണ് അകലെയുള്ള വീടുകളിലും ഭക്ഷണമെത്തിക്കാന്‍ നിയോഗിച്ചിരുന്നത്.

രാത്രിയായാല്‍ ക്രൂരമായ ലൈംഗിക പീഡനത്തിനും കുട്ടിയെ ഇരയാക്കും. പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി അയല്‍വീട്ടുകാരോട് ഉള്‍പ്പടെ സംഭവം പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. അറസ്റ്റിലായ പോളിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോളിന്റെ ഭാര്യ ഇടപ്പള്ളി വനിതാക്ഷേമ സമിതി അധ്യക്ഷയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News