ലൈംഗികാതിക്രമക്കേസ്: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്ത് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ് പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന വാദം. കേസിൽ സാക്ഷികളായിട്ടുള്ളത് പ്രതി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ളവരാണ്. അതിനാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം തന്നോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. നടിയുടെ അഭിനയത്തിലെ പോരായ്മകൾ താൻ ചൂണ്ടിക്കാട്ടിയിരുന്നു. ചില സീനുകൾ വെട്ടിമാറ്റിയിരുന്നു. ഇതാണ് പരാതിക്ക് കാരണമെന്നും രഞ്ജിത്ത് വാദിച്ചു. കുറ്റം നിഷേധിക്കുന്നത് അന്വേഷണവുമായി സഹകരിക്കാതിരിക്കല്ലെന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് മാർച്ച് 31-നാണ് സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലാകുന്നത്. ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലെ കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ജനുവരി 30-നാണ് കേസിമ് ആസ്പദമായ സംഭവമുണ്ടായത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നാണ് സബ് ജയിലിൽ എത്തിച്ചപ്പോൾ രഞ്ജിത്ത് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News