ആന്‍ഡ്രൂ രാജകുമാരനും അമേരിക്കന്‍ കോടീശ്വരനുമെതിരെ ലൈംഗിക ആരോപണം;പരാതിക്കാരി വിര്‍ജിനിയ ജിഫ്രി ജീവനൊടുക്കി

സിഡ്‌നി: അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്‍, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ എന്നിവര്‍ക്കെതിരേ ലൈംഗിക പീഡനപരാതി ഉന്നയിച്ച വിര്‍ജിനിയ ജിഫ്രി(41) ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി ഓസ്‌ട്രേലിയയിലെ ഫാമിലെ താമസസ്ഥലത്താണ് വിര്‍ജിനിയയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് കുടുംബം അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ മരണവുമായി ബന്ധപ്പെട്ട് മറ്റുസംശയങ്ങളില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഓസ്‌ട്രേലിയന്‍ പോലീസ് പറഞ്ഞു.

യുഎസില്‍ ജനിച്ച വിര്‍ജിനിയ ഭര്‍ത്താവ് റോബര്‍ട്ടിനും മക്കള്‍ക്കും ഒപ്പം ഓസ്‌ട്രേലിയയിലെ നോര്‍ത്ത് പെര്‍ത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍, അടുത്തിടെ ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് ഒരു കാറപകടത്തില്‍ തനിക്ക് പരിക്കേറ്റതായി വിര്‍ജിനിയ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിര്‍ജിനിയ ജീവനൊടുക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്.

ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതിക്കാരിയായിരുന്നു വിര്‍ജിനിയ ജിഫ്രി. 17-ാം വയസ്സില്‍ എപ്സ്റ്റീനും ഇയാളുടെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും വര്‍ഷങ്ങളോളം ലൈംഗികപീഡനത്തിനിരയാക്കിയെന്നും വിര്‍ജിനിയ പരാതിപ്പെട്ടിരുന്നു. ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന് തന്നെ കൈമാറിയത് എപ്സ്റ്റീനാണെന്നും ആന്‍ഡ്രൂ രാജകുമാരനും തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു.

യുവതിയുടെ ലൈംഗികാരോപണം ആന്‍ഡ്രൂ രാജകുമാരന്‍ നിഷേധിക്കുകയുംചെയ്തു. പിന്നീട് 2022-ല്‍ വിര്‍ജിനിയയുമായി രാജകുമാരന്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തി. എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ പശ്ചാത്തപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയെങ്കിലും ക്ഷമാപണം നടത്തുകയോ വിര്‍ജിനിയയുടെ ആരോപണങ്ങള്‍ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.

എപ്സ്റ്റീനെതിരേ പരാതി നല്‍കാന്‍ മുന്നിട്ടിറങ്ങിയ വിര്‍ജിനിയ ഇയാള്‍ക്കെതിരായ നിയമപോരാട്ടത്തില്‍ ഉറച്ചുനിന്നു. വിര്‍ജിനിയ തന്റെ ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് എപ്സ്റ്റീന്റെ ക്രൂരതയ്ക്കിരയായ കൂടുതല്‍ ഇരകള്‍ പരാതിയുമായി രംഗത്തെത്തിയത്. അതിജീവിതമാര്‍ക്ക് എന്നും വഴികാട്ടിയായിരുന്നു വിര്‍ജിനിയയെന്നാണ് ദീര്‍ഘകാലം അവരുടെ വക്തവായിരുന്ന ഡിനി വോണ്‍ മഫ്‌ളിങ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. എപ്സ്റ്റീനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ വിര്‍ജിനിയെ മീടൂ പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകയായും മാറി.

നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന്‍ 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരുകേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെ് 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News