രാത്രി വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു, സ്വർണാഭരണങ്ങൾ കവർന്നു; ഇരുട്ടിൽ പ്രതിയെ തിരിച്ചറിയാനായില്ല; വഴിത്തിരിവായത് ആഭരണപ്പെട്ടിയിലെ വിരലടയാളം; പ്രതിയ്ക്ക് കഠിന തടവ്

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച കേസിൽ നെടുമങ്ങാട് സ്വദേശി ഷഫീക്കിന് 21 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. പൂർണമായും സാഹചര്യ തെളിവിനെ അടിസ്ഥാനപ്പെടുത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷഫീഖ് വീണ്ടും മോഷണം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നു.

2017 ലാണ് കേസിനാസ്‌പദമായ സംഭവം. വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പ്രതി രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ അപഹരിക്കുകയും ചെയ്തുവെന്നാണ് കേസ്. രാത്രി പൂർണമായും ഇരുട്ടിൽ നടന്ന സംഭവമായതിനാൽ വൃദ്ധയ്ക്ക് പ്രതിയെ നേരിട്ട് തിരിച്ചറിയാനായിരുന്നില്ല. എന്നാൽ ആഭരണപ്പെട്ടിയിൽ നിന്ന് ലഭിച്ച വിരലടയാളം പ്രതിയുടേതായി ഫോറൻസിക് വിഭാഗം സൂക്ഷിച്ചിരുന്ന വിരലടയാളവുമായി ഒത്തുനോക്കിയതാണ് കേസിൽ വഴിത്തിരിവായത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷഫീഖ് പോലീസിന്റെ പിടിയിലാവുകയായിരുന്നു. തെളിവെടുപ്പിനെത്തിച്ചപ്പോൾ ഷഫീഖിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു. ഇത് കേസിൽ വിലപ്പെട്ട തെളിവായി.

വലിയതുറ പോലീസ് ഇൻസ്പെക്‌റായിരുന്ന കെ ബി മനോജ്‌കുമാർ, വി അശോകകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ്, അഭിഭാഷകയായ വി സി ബിന്ദു എന്നിവർ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News