കോഴിക്കോട്: മസാജ് പാര്‍ലറുകളുടെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പിടിമുറുക്കുന്നു. അന്യസംസ്ഥാനക്കാര്‍ മാത്രമല്ല അന്യരാജ്യക്കാരും കോഴിക്കോട് കേന്ദ്രീകരിച്ച് പെണ്‍വാണിഭത്തിന് എത്തുകയാണ്.
നേപ്പാളില്‍നിന്നുള്ള യുവതികളാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഇവിടെ എത്തി വാണിഭം നടത്തുന്നത്. ഇന്നലെ കോവൂരില്‍ പിടികൂടിയ സംഘത്തില്‍ നേപ്പാള്‍ യുവതികളും ഉള്‍പ്പെട്ടിട്ടുണ്ട്.
കോവിഡ് കാലത്തിനുശേഷം മസാജ് പാര്‍ലറുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ആധുനികരീതിയില്‍ അടിപൊളി ശബ്ദ സംവിധാനത്തോടെയുള്ളതാണ് ഇത്തരം പാര്‍ലറുകള്‍ .
മുടി വെളുപ്പിച്ചും ചെമ്പന്രീതിയിലാക്കിയും ന്യൂജെന്‍ സ്റ്റൈലില്‍ മുടിമുറിച്ചും ഉത്തരേന്ത്യന്‍ യുവതികളും യുവാക്കളുമാണ് മിക്ക പാര്‍ലറുകളിലും ജോലി ചെയ്യുന്നത്. ഉയര്‍ന്ന നിരക്കാണ് ഇത്തരം പാര്‍ലറുകളില്‍ ഈടാക്കുന്നത്.
ഇവിടെ എത്തുന്ന കസ്റ്റമര്‍മാരെ സ്വാധീനിച്ചാണ് വാണിഭത്തിലേക്ക് എത്തിക്കുന്നത്. മൊബൈല്‍ ഫോണ്‍വഴി വിവരങ്ങള്‍ കൈമാറി ഫ്ളാറ്റുകളിലും വീടുകളിലും സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നു.
കോഴിക്കോട് മൂന്നുമാസമായി കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേരാണ് ഇന്നലെ മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലയത്.
പ്രധാന നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി. ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്രിശെല്‍വന്‍ (28) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
നേപ്പാള്‍, തമിഴ്നാട് സ്വദേശികളായ രണ്ടുയുവതികളെയും ഇവര്‍ക്കൊപ്പം പിടികൂടിയിരുന്നു.യുവതികളെ കോടതിയില്‍ ഹാജരാക്കി യശേഷം മഹിളാമന്ദിരത്തിലേക്കു മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നഗരത്തിലെ മസാജ് പാര്‍ലര്‍ കേന്ദ്രീകരി ച്ചുണ്ടായ അടിപിടിയില്‍ ഇടപാടുകാരുടെ ഫോണ്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് പെണ്‍വാണിഭകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചന്നത്.
ഈ കേസിലെ പ്രതി കള്‍ ഫ്ളാറ്റിലെ നിത്യസന്ദര്‍ശകരാണ്. പെണ്‍വാണിഭ കേന്ദ്രത്തില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്ഥിരമായി യുവതികള്‍ എത്താറുണ്ടെന്നും ഇവിടെനിന്ന് ഇവരെ മറ്റു പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകാറുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ജാര്‍ക്കണ്ട്, ഒഡിഷ, ഉത്തരാഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളെ ഫ്ളാറ്റിലെത്തിച്ചാണ് ഇടപാട് നടത്തുന്നതെന്ന് പോലീസ് അറിയിച്ചു.
അടുത്ത ദിവസങ്ങളില്‍ സംശയമുള്ള ഫ്ളാറ്റുകളിലും മസാജ് പാര്‍ലറുകളിലും കൂടുതല്‍ റെയ്ഡ് നടത്തുമെന്നും പോലീസ് വ്യക്തമാക്കി.