ന്യൂഡൽഹി: ഡൽഹിയിൽ യുവതിയുടെ സ്കൂട്ടർ നമ്പർ പ്ലേറ്റിൽ SEX എന്ന പദം കയറികൂടിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടൽ. പരാതിക്കാരിയുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ ഡൽഹി ആർടിഒയ്ക്ക് നോട്ടീസ് അയച്ചു. പുതുതായി വാങ്ങിയ സ്കൂട്ടറിന് SEX സീരീസിലുള്ള നമ്പർ ലഭിച്ചതോടെ പരിഹസിക്കപ്പെടുന്നുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് ഇടപെടൽ.
SEX സീരീസിലുള്ള നമ്പർ ലഭിച്ചതിനാൽ ആളുകൾ കളിയാക്കുന്നുവെന്നും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും യുവതി വനിതാ കമ്മീഷനെ അറിയിച്ചിരുന്നു. ഇക്കാരണത്താൽ അത്യാവശ്യ കാര്യങ്ങൾക്ക് ഉൾപ്പെടെ യാത്ര ചെയ്യാൻ പ്രശ്നങ്ങൾ നേരിടുന്നതായും വെളിപ്പെടുത്തിയിരുന്നു.
പരാതിക്കാരിയുടെ സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റിനൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നോട്ടീസിലെ നിർദേശം. സമാനമായ രീതിയിൽ മറ്റു പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ അറിയിക്കണമെന്നും വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശമായ റിപ്പോർട്ട് സമർപ്പിക്കാനും വനിതാ കമ്മീഷൻ ഗതാഗഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
SEX എന്ന പദം ഉൾക്കൊള്ളുന്ന സീരീസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാൻ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു പെൺകുട്ടിക്ക് ഇത്രയധികം അപമാനം നേരിടുന്ന രീതിയിൽ ആളുകൾ അധിക്ഷേപകരമായി പെരുമാറുന്നത് നിർഭാഗ്യകരമാണെന്നും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. പെൺകുട്ടിക്ക് ഇനി ഉപദ്രവമുണ്ടാകരുതെന്നും പ്രശ്നങ്ങൾ നാല് ദിവസത്തിനകം പരിഹരിക്കണമെന്ന് ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
നമ്പർ പ്ലേറ്റിൽ SEX പദം കയറികൂടാൻ കാരണം
രജിസ്ട്രേഷൻ പ്ലേറ്റിൽ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പർ, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പർ എന്നിങ്ങനെയാണ് നൽകാറുള്ളത്. ഡൽഹിയിലെ രജിസ്ട്രേഷൻ സീരീസ് EX എന്ന അക്ഷരത്തിലാണിപ്പോൾ. സ്കൂട്ടർ രജിസ്റ്റർ ചെയ്യുമ്പോൾ വാഹനം തിരിച്ചറിയുന്നതിനായി ‘S’ നൽകുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. നിർഭാഗ്യവശാൽ ഡൽഹിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ നമ്പർ പ്ലേറ്റിൽ ഇത് പതിവാകുകയാണ്. DL 3SEX എന്നാണ് നമ്പർ ആരംഭിക്കുന്നത്.