ബാങ്കോക്ക്: ആടിയുലഞ്ഞ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഞെട്ടിപ്പിക്കുന്നതും അപകടത്തിന്റെ തീവ്രത വെളിവാക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. യാത്രക്കാരുടെ സാധനങ്ങള്‍ നിലത്തുവീണുകിടക്കുന്നുണ്ട്. ഓക്‌സിജന്‍ മാസ്‌ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിക്കുകയും 30-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം 6000-അടി താഴുകയായിരുന്നു. ഫ്‌ളൈറ്റ്‌റഡാര്‍ 24-ന്റെ റിപ്പോര്‍ട്ട് പ്രകാരം വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നു. പിന്നാലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. പെട്ടെന്ന് വിമാനം കുലുങ്ങാന്‍ തുടങ്ങിയെന്നും ചെരിഞ്ഞെന്നും വിമാനത്തിലെ യാത്രക്കാരനായ വിദ്യാര്‍ഥി പറഞ്ഞു. പെട്ടെന്ന് വിമാനം താഴ്ന്നതിനാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ സീലിങ്ങില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ ഒരു യാത്രക്കാരന്‍ മരിക്കുകയും 30-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 73-കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. മരണം ഹൃദയാഘാതത്തെ തുടര്‍ന്നാകാമെന്ന് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ കിറ്റിപോങ് പറഞ്ഞു. നിരവധി യാത്രക്കാര്‍ക്ക് തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരന്റെ മരണത്തില്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് അനുശോചനം രേഖപ്പെടുത്തി.
സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777-300ഇആര്‍ വിമാനമാണ് ശക്തമായി ആടിയുലഞ്ഞത്. 211-യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. എത്ര പേര്‍ക്ക് പരിക്കേറ്റെന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല.
Aftermath of Singapore Airlines flight 321 from London to Singapore which had to divert to Bangkok due to severe turbulence. One death passenger and several injured. Blood everywhere, destroyed cabin. #singaporeairlines #sq321 pic.twitter.com/C2FgrVt9yv
— Josh Cahill (@gotravelyourway) May 21, 2024