ടെല്‍ അവീവിലെ തെരുവുകള്‍ വിജനമായി; കനത്ത പുക; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ജറുസലമിലും സ്‌ഫോടനം; ആണവകേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാൻ

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ; കനത്ത ജാ​ഗ്രതയിൽ അമേരിക്കയും

ടെല്‍ അവീവ്: യുഎസിന്റെ നേതൃത്വത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ഇസ്രയേലിലെ കൂടുതല്‍ പ്രദേശങ്ങളില്‍ കനത്ത തിരിച്ചടി നല്‍കി ഇറാന്‍. ടെല്‍അവീവില്‍ നടത്തിയ മിസൈലാക്രമണത്തില്‍ 86 പേര്‍ക്ക് പരിക്കേറ്റതായാണ് ടൈംസ് ഓഫ് ഇസ്രയേല്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരെയെല്ലാം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്.

ഹൈഫ, നെസ് സിയോണ, റിഷോണ്‍ ലെസിയോണ്‍, ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള വടക്കന്‍ മധ്യ ഇസ്രയേലിലുടനീളം ഒന്നിലധികം സ്ഥലങ്ങളില്‍ ടെഹ്‌റാന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പുതിയ ആക്രമണ പരമ്പരയ്ക്ക് ഇസ്രയേല്‍ തുടക്കമിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫൊര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേലില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചത്.

ആക്രമണത്തിന് പിന്നാലെ ടെല്‍അവീവിലെ തെരുവുകള്‍ വിജനമായതായി പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രദേശത്താകെ കനത്ത പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം. മിസൈല്‍ ആക്രമണ മുന്നറിയിപ്പ് ലഭിച്ചതോടെ ബങ്കറുകളിലേക്ക് ഓടിക്കയറുന്നതിനിടയില്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്തിട്ടു പോയ വാഹനങ്ങളും ദൃശ്യങ്ങളിലുണ്ട്. ബെന്‍ഗുറിയോണ്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള ഇസ്രയേല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം. ഇനിയൊരു നിര്‍ദേശം വരുന്നതു വരെ പൊതുജനത്തോട് ഷെല്‍ട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 10 വ്യത്യസ്ത സ്ഥലങ്ങളില്‍ രണ്ട് തരംഗങ്ങളിലായി കുറഞ്ഞത് 27 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ സ്‌ഫോടനത്തില്‍ 22 മിസൈലുകള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും രണ്ടാമത്തേതില്‍ അഞ്ച് ബോംബുകള്‍ വരെ ഉണ്ടായിരുന്നതായും ഐഡിഎഫ് പറഞ്ഞു.

പൗരന്മാരോട് ബങ്കറുകളില്‍ അഭയം തേടാന്‍ ആവശ്യപ്പെടുകയും രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ചെയ്തു. ഇസ്രായേലിന്റെ വടക്കന്‍ ഭാഗത്തുള്ള മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഹൈഫയില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദി ഇര്‍വാനി കത്തു നല്‍കി. രാജ്യാന്തര നിയമവും യുഎന്‍ ചാര്‍ട്ടറും ലംഘിച്ചതിനെതിരെ യുഎസിന്മേല്‍ നടപടിയെടുക്കാന്‍ യുഎന്‍ മുന്നോട്ടു വരണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

അമേരിക്കയുടെ നീക്കങ്ങള്‍ക്ക് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ രംഗത്തെത്തിയിരുന്നു. മിഡില്‍ ഈസ്റ്റിലെ ഓരോ അമേരിക്കന്‍ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യത്തിലുള്‍പ്പെടുന്നതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ബ്രിട്ടന്‍. ഇസ്രയേല്‍ അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ബ്രിട്ടീഷ് പൗരന്മാരെയും ആശ്രിതരേയും കൊണ്ടുപോകാന്‍ ബ്രിട്ടന്‍ വിമാനം ഒരുക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യാനുസരണം കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും യുകെ അറിയിച്ചു.

ഇറാനിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തിങ്കളാഴ്ച അടിയന്തര യോഗം ചേരുമെന്ന് യുഎന്‍ ആണവനിരീക്ഷണ സമിതി മേധാവി അറിയിച്ചു. യുഎസ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇറാന്റെ ആണവ മേധാവി മുഹമ്മദ് എസ്ലാം ഐഎഇഎയ്ക്ക് കത്തെഴുതിയതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ കേന്ദ്രങ്ങളില്‍ നിന്ന് വികിരണ അളവുകളില്‍ വര്‍ധനവില്ലെന്ന് ഐഎഇഎ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News