പേരാമ്പ്ര: ഡിജിറ്റൽ സർവേക്കായി പോയ ഏഴംഗസംഘം പൂഴിത്തോട് ഭാഗത്ത് കാട്ടിൽ കുടുങ്ങി. നാല് സർവേയർമാരും മൂന്ന് ഫോറസ്റ്റ് വാച്ചർമാരുമാണ് കാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. സർവേയർമാരായ അരുൺ, ഭരത്, പ്രശാന്ത്, അഖിൽ, ഫോറസ്റ്റ് വാച്ചർമാരായ രവി, ബാലൻ, ഷാരോൺ എന്നിവരാണ് സംഘത്തിലുള്ളത്.
ഇവർ തിരിച്ചെത്തേണ്ടിയിരുന്നത് കരിങ്കണ്ണി ചൂതുപാറയിലെ ഫോറസ്റ്റ് ബേസ് ക്യാമ്പിലേക്കായിരുന്നു. വൈകിയിട്ടും ഇവരെ കാണാത്തതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയിരുന്നു. മൊബൈൽഫോൺ റേഞ്ചില്ലാത്തതിനാൽ ബന്ധപ്പെടാനും കഴിഞ്ഞില്ല. രാത്രിവൈകിയതോടെ തിരച്ചിൽ നിർത്തി. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച രാവിലെ വനംവകുപ്പിലെ കൂടുതൽപ്പേരെ ഉൾപ്പെടുത്തി തിരച്ചിൽ പുനരാരംഭിക്കുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. സുധീന്ദ്രൻ പറഞ്ഞു.
കരിങ്കണ്ണി, കക്കയം, വയനാട് ഭാഗങ്ങളിൽനിന്ന് മൂന്ന് സംഘങ്ങളായാണ് തിരയാനുള്ള പദ്ധതി. ആവശ്യമെങ്കിൽ പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സഹായം തേടുമെന്ന് അദ്ദേഹം പറഞ്ഞു.വയനാട് ജില്ലയുമായി അതിർത്തിപങ്കിടുന്ന വനമേഖലയിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്. അതിർത്തിപ്രദേശത്തേക്കാണ് ഇവർ രാവിലെ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണി വഴി പോയത്.
ബുധനാഴ്ച വൈകീട്ട് 3.56-നാണ് സംഘവുമായി അവസാനം ബന്ധപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരോട് പരുന്തുംപാറ ഭാഗത്ത് എത്തനായിരുന്നു അപ്പോൾ പറഞ്ഞത്. പിന്നീട് ബന്ധപ്പെടാനായില്ല. ഈ പ്രദേശം വാച്ചർമാർക്ക് പരിചിതമായ മേഖലയാണെങ്കിലും വഴിതെറ്റിയെന്നാണ് കരുതുന്നത്. രാത്രി ഇവിടെ മഴപെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആനയും മറ്റ് വന്യമൃഗങ്ങളുമിറങ്ങുന്ന മേഖലയാണിത്.
ഡിജിറ്റൽ സർവേ നടത്താനായി പോയപ്പോൾ പൂഴിത്തോട് വനമേഖലയിൽ കുടുങ്ങിയ സർവേസംഘം തിരിച്ചെത്താതായിട്ടും രാത്രിയിൽ തിരച്ചിൽ നടത്താനായില്ല. വന്യമൃഗങ്ങളിറങ്ങുന്ന വഴിയായതിനാൽ രാത്രി തിരച്ചിൽ നടത്തുന്നത് എളുപ്പമല്ലെന്നായിരുന്നു അധികൃതർ പറഞ്ഞത്. വൈകീട്ട് സംഘം തിരികെയെത്താത്തതിനെ തുടർന്നാണ് വഴിതെറ്റിയെന്ന് തിരിച്ചറിഞ്ഞത്. പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടെ സംയുക്ത തിരച്ചിലിനുള്ള ഒരുക്കങ്ങളും പെട്ടെന്ന് നടത്താനായില്ല. വ്യാഴാഴ്ച നടത്തുന്ന തിരച്ചിലിൽ ഇവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
മുൻപൊരിക്കൽ കക്കയം വനമേഖലയിലും സർവേ ടീം വനത്തിൽ കുടുങ്ങിയിരുന്നു. കഴിഞ്ഞദിവസം കാവിലുംപാറ പഞ്ചായത്തിൽ സർവേ സംഘത്തിലെ അംഗത്തെ പാമ്പുകടിച്ച സംഭവവും ഉണ്ടായി. പാമ്പുകടിയേറ്റ സന്തോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൂലസാഹചര്യങ്ങളെ നേരിട്ടാണ് വനമേഖലയിൽ ഡിജിറ്റൽ സർവേ ടീം സർവേക്കിറങ്ങുന്നത്.


