InternationalNews

ഇമ്രാൻ ഖാന് തിരിച്ചടി; പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി, ശനിയാഴ്ച വോട്ടെടുപ്പ്

ഇസ്ലാമബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സുപ്രീംകോടതിയിൽ തിരിച്ചടി. പാകിസ്ഥാൻ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ സുപ്രീംകോടതി അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയത് റദ്ദാക്കി. പാക് അസംബ്ലി പുനഃസ്ഥാപിക്കാനും ശനിയാഴ്ച ഇമ്രാൻ ഖാൻ വിശ്വാസ വോട്ട് തേടണമെന്നും കോടതിയുടെ ഉത്തരവിട്ടു. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി.

അവിശ്വാസം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ലെന്നും അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടന വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം കോടതിയിൽ പറഞ്ഞു. അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. മൂന്ന് വാദങ്ങളെയും ഇമ്രാൻ ഖാന്റെ അഭിഭാഷകർ ഭരണഘടന ഉദ്ധരിച്ചു തന്നെ എതിർത്തു. പാക്കിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ഭണ്ഡ്യാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ഇമ്രാന്‍ ഖാന്റെ ആവശ്യപ്രകാരം പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരി അനുവാദം നല്‍കിയിരുന്നില്ല.

അതേസമയം, പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് ഇമ്രാൻ ഖാൻ 15 ദിവസം കൂടി അധികാരത്തിൽ തുടരുമെന്ന് മുൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് പറഞ്ഞു. “ഞാൻ പ്രധാനമന്ത്രിയെ കണ്ടു, ഇമ്രാൻ ഖാൻ 15 ദിവസം കൂടി പ്രധാനമന്ത്രിയായി തുടരുമെന്ന് ഞാൻ കരുതുന്നു,” റഷീദിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ നിഷേധിച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ദേശിയ അസംബ്ലി പിരിച്ചു വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. “ജനാധിപത്യ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ഞാൻ പാകിസ്ഥാനിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു,” ഖാന്‍ പറഞ്ഞു.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടി നില്‍ക്കാനൊ മറ്റ് ഒത്തു ചേരലുകള്‍ക്കൊ അനുവാദമില്ല. ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയവും സമര്‍പ്പിച്ചിരുന്നു. പാര്‍ലമെന്റിലും പരിസരത്തുമായി അക്രമത്തിന് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ടായിട്ടും പ്രതിഷേധക്കാരെ ഡി ചൗക്കിലേക്കും പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റിലേക്കും എത്തിക്കാനുള്ള ശ്രമങ്ങള്‍ ഭരണപക്ഷം നടത്തുന്നതായാണ് ജിയോ ന്യൂസ് നല്‍കുന്ന വിവരം.

ഇന്നലെ ഇമ്രാൻ ഖാൻ പ്രവര്‍ത്തകരോട് തെരുവിലിറങ്ങാനും സമാധാനപരമായി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. നാളെ പാർലമെന്റിൽ എടുക്കുന്ന തീരുമാനം അട്ടിമറിക്കാനായി അദ്ദേഹം അനുയായികളെ പ്രേരിപ്പിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അധികാരത്തില്‍ തുടരാനായി 342 ല്‍ 172 വോട്ടുകള്‍ ഇമ്രാന്‍ ഖാന്‍ നേടണം. പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ (എംക്യുഎം-പി) പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നത് ഇമ്രാന് തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ പാക്കിസ്ഥാന്‍ തെഹിരീ-ഇ-ഇന്‍സാഫ് നയിക്കുന്ന ഭരണകക്ഷിക്കൊപ്പെ 164 അംഗങ്ങള്‍ മാത്രമാണുള്ളത്. പ്രതിപക്ഷത്ത് 176 അംഗങ്ങളും. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ തന്നെ ഒരു പ്രധാനമന്ത്രിയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടിട്ടില്ല. ഈ അഗ്നിപരീക്ഷ നേരിടുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഇമ്രാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button