ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വികസിപ്പിച്ച എസ്എസ്എല്‍വിയുടെ കന്നി പറക്കല്‍ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള അവസാന ഘട്ടത്തിൽ ഡാറ്റാ നഷ്ടം അനുഭവപ്പെട്ടതിനെ തുടർന്ന് ദൌത്യം ആശങ്കയില്‍.
120 ടൺ ഭാരമുള്ള സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) രണ്ട് ഉപഗ്രഹങ്ങളെ സ്ഥിരതയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞോ എന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. എന്ന് മനസിലാക്കാൻ ഐഎസ്ആർഒ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ് വിവരം. ഇത് വ്യക്തമാകുന്നതുവരെ ദൗത്യം വിജയകരമാണോ എന്നതില്‍ പ്രഖ്യാപനം ഉണ്ടാകില്ല എന്നാണ് സൂചന.
മാധ്യമങ്ങളെ കണ്ട ഐഎസ്ആര്‍ഒ തലവന്‍ അവസാനഘട്ടത്തിലെ പ്രശ്നം സൂചിപ്പിച്ചു. എസ്‌എസ്‌എൽവിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിർവഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്‌ടപ്പെട്ടുവെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ് പറഞ്ഞു.
ISRO launches its new SSLV-D1 rocket from Sriharikota
— ANI Digital (@ani_digital) August 7, 2022
Read @ANI Story | https://t.co/uIPigY0TNL#ISRO #SSLVD1 #ISROIndia pic.twitter.com/7duROVWlp5
ഞങ്ങൾ ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം എന്നാണ് ഐഎസ്ആര്‍ഒ മേധാവി അറിയിച്ചത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് എസ്എസ്എല്‍വി. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും.
ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും എന്നാണ് കരുതുന്നത്.
ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാർത്ഥികൾ നിർമിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തിൽ എസ്എസ്എൽവി ആദ്യ വിക്ഷേപണത്തില്‍ വഹിച്ചിരുന്നത്. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്‍റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.
രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഇവ ഭ്രമണപഥത്തില്‍ എത്തിയ ശേഷം ഇവയുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ ഈ വിക്ഷേപണത്തിന് സവിശേഷമായ സാധ്യതകളാണ് ഉള്ളത്. ബഹിരാകാശ രംഗത്ത് കൂടുതല്‍ വാണിജ്യവത്കരണത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ഈ രംഗത്തേക്ക് ഇറങ്ങാനുള്ള ഏറ്റവും മികച്ച വിഭവമാണ് സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. ഈ വാഹനത്തിന്‍റെ പ്രത്യേകതകള്‍ ഒന്ന് പരിശോധിക്കാം.
പിഎസ്എൽവി. ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ്. പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത വിക്ഷേപണ വാഹനമാണ് ഇത്. ആ പിഎസ്എൽവിയേക്കാൾ ചെറിയൊരു പുതിയ റോക്കറ്റ് എന്ന് എസ്എസ്എൽവിയെ വിശേഷിപ്പിക്കാം.
34 മീറ്ററാണ് ഈ റോക്കറ്റിന്‍റെ ഉയരം. വ്യാസം 2 മീറ്റർ. ഭാരം 120 ടൺ അതേ സമയം പിഎസ്എൽവിയുടെ ഉയരം 44 മീറ്ററും, വ്യാസം 2.8 മീറ്ററുമാണ്. പിഎസ്എൽവിയുടെ എറ്റവും കരുത്തേറിയ എക്സ് എൽ വകഭേദത്തിന് 1,750 കിലോ ഭാരം ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ കഴിയും.
നാല് ഘട്ടങ്ങളാണ് ഒരു പിഎസ്എൽവി റോക്കറ്റിനുള്ളത്. കൂടാതെ താഴെ കുഞ്ഞൻ സ്ട്രാപ്പോൺ ബൂസ്റ്ററുകളുള്ള വകഭേദങ്ങളുമുണ്ട്. ഒന്നാം ഘട്ടം ഖരഇന്ധനം, രണ്ടാം ഘട്ടം ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന വികാസ് എഞ്ചിൻ, മൂന്നാം ഘട്ടം പിന്നെയും ഖര ഇന്ധനം, നാലാം ഘട്ടം വീണ്ടും ദ്രാവക ഇന്ധനം.എന്നിങ്ങനെയാണ് പിഎസ്എൽവിയുടെ ഘടന.
എന്നാൽ എസ്എസ്എൽവി പൂർണമായും ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. മൂന്ന് ഘട്ടങ്ങളാണ് ഈ റോക്കറ്റിനുള്ളത്. Hydroxyl-terminated polybutadiene ആണ് ഈ ഘര ഇന്ധനം. മൂന്ന് ഘട്ടങ്ങൾക്ക് പുറമേ ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്ന പീഠത്തിന്റെ അടിയിൽ ദ്രവീകൃത ഇന്ധനമുപയോഗിക്കുന്ന ഒരു പ്രവേഗ നിയന്ത്രണ സംവിധാനം കൂടിയുണ്ട്.
അഞ്ഞൂറ് കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹത്തെ ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ എസ്എസ്എൽവിക്കാകും. ഇനി സൺ സിൻക്രണസ് ഓർബിറ്റിലേക്കാണെങ്കിൽ പരമാവധി 300 കിലോ വരെ ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാം.
അപ്പോൾ പിഎസ്എൽവിയേക്കാൾ വലിപ്പവും ശേഷിയും കുറഞ്ഞ റോക്കറ്റാണ് എസ്എസ്എൽവി എന്ന് വ്യക്തമാണ്. ഇങ്ങനെയൊരു ചെറിയ റോക്കറ്റ് വികസിപ്പിച്ചതിന്‍റെ പ്രധാന ലക്ഷ്യം, സമയവും പണവും ലാഭിക്കലാണ്. പിഎസ്എൽവിയെക്കാൾ കുറഞ്ഞ ചിലവിൽ വിക്ഷേപണം നടത്താമെന്ന് മാത്രമല്ല, അതിനെക്കാൾ വേഗത്തിൽ റോക്കറ്റ് നിർമ്മിക്കാനും സാധിക്കും.
നേരത്തെ ഘടങ്ങൾ നിർമ്മിച്ച് വച്ചിട്ടുള്ള ഒരു പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിനായി ഒരുക്കാൻ നാല്‍പ്പത് ദിവസത്തിനടുത്ത് സമയം വേണം. എന്നാൽ എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ ഒരാഴ്ച മാത്രം മതി.
ധാരാളം സ്വകാര്യ കമ്പനികൾ ബഹിരാകാശ രംഗത്തെക്ക് കടന്നു വരുന്ന സമയമാണിത്. ഇവർ നിർമ്മിക്കുന്ന ചെറിയ ഉപഗ്രഹങ്ങളെ ചെലവ് കുറച്ച് പരമാവധി പെട്ടന്ന് വിക്ഷേപിക്കാനുള്ള സാധ്യതയാണ് എസ്എസ്എൽവി തുറന്ന് തരുന്നത്.
കൂടുതൽ ആവശ്യക്കാരെത്തുന്നതോടെ വ്യാവസായിക അടിസ്ഥാനത്തിൽ എസ്എസ്എൽവി നിർമ്മാണം നടത്താനാണ് പദ്ധതി. ഒരു വർഷം എട്ട് എസ്എസ്എൽവി വിക്ഷേപണങ്ങളെങ്കിലും നടത്താനാണ് തുടക്കത്തിലെ ലക്ഷ്യം. ആദ്യത്തെ രണ്ട് പരീക്ഷണ വിക്ഷേപണങ്ങൾക്ക് ശേഷം പൂർണമായും റോക്കറ്റിന്റെ ചുമതല വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനെ ഏൽപ്പിക്കാനാണ് തീരുമാനം.
2016ലെ നാഷണൽ സ്പേസ് സയൻസ് സിമ്പോസിയത്തിലാണ് പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമെന്ന ആശയം ആദ്യമുയരുന്നത്. 2019 അവസാനത്തോടെ ആദ്യ വിക്ഷേപണം നടത്തി. 2020 മുതൽ വാണിജ്യ ദൗത്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. കൊവിഡ് അടക്കമുള്ള കാരണങ്ങൾ മൂലം വൈകിയ പദ്ധതിയാണ് ഒടുവിൽ 2022ൽ യാഥാർത്ഥ്യമാകുന്നത്.