കൊച്ചി: എം വി ഡിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ശ്രദ്ധ നേടിയ റോബിന്‍ ബസ് ഉടമയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്ത് റോബിന്‍ ബസ് ഉടമ ഗിരീഷ് സമര്‍പ്പിച്ച ഹൈക്കോടതി തള്ളി. റോബിന്‍ ബസ് നടത്തുന്നത് നിയമലംഘനമാണ് എന്ന കെഎസ്ആര്‍ടിസിയുടെ വാദം അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
ജസ്റ്റിസ് അഖിലേഷിന്റെ നേതൃത്വത്തിലാണ് ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ചത്. കോണ്‍ടാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ല എന്ന കെ എസ് ആര്‍ ടി സി വാദം കോടതി അംഗീകരിച്ചു. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ട് എന്ന റോബിന്‍ ബസ് ഉടമയുടെ വാദം കോടതി തള്ളി.
റോബിന്‍ ബസ് നടത്തുന്നത് പെര്‍മിറ്റ് ലംഘനമാണ് എന്ന് സര്‍ക്കാരും എം വി ഡിയും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ബസിന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ കെഎസ്ആര്‍ടിസിയും കക്ഷി ചേര്‍ന്നിരുന്നു. പെര്‍മിറ്റ് ചട്ടം ലംഘിച്ച് അനധികൃത സര്‍വീസ് നടത്തിയതിന്റെ പേരില്‍ എംവിഡി നടപടിയെടുത്തതോടെയാണ് റോബിന്‍ ബസ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഇതിനെ ചോദ്യം ചെയ്ത് ബസുടമ ഗിരീഷ് രംഗത്തെത്തിയതോടെ വലിയ വിവാദമായി. റോബിന്‍ ബസിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌നടക്കം നടന്നിരുന്നു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ എംവിഡി തയ്യാറായില്ല. ഇതോടെ വലിയ നിയമപോരാട്ടങ്ങൡലേക്കും വിഷയം കടന്നിരുന്നു. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സ്വകാര്യ സര്‍വീസ് നടത്തുന്ന ബസാണ് റോബിന്‍.
എംവിഡി അനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് എന്നായിരുന്നു ബസ് ഉടമയുടെ ആരോപണം. എന്നാല്‍ തങ്ങള്‍ ചെയ്യുന്നത് നിയമം നടപ്പാക്കല്‍ മാത്രമാണെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ വിശദീകരണം. നിയമലംഘനത്തിന് പലപ്പോഴായി ഒരുലക്ഷം രൂപയിലധികമാണ് പിഴയായും ടാക്സ് ഇനത്തിലും കേരളത്തിലേയും തമിഴ്‌നാട്ടിലേയും എംവിഡി ബസിന് മേല്‍ ചുമത്തിയത്.
രണ്ട് തവണ ബസ് എംവിഡി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടെ ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ എസി ബസുമായി റോബിന്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ പെര്‍മിറ്റ് വൈകി ലഭിച്ചത് കാരണം ഈ ബസിലേക്ക് യാത്രക്കാരെ കിട്ടാനില്ലെന്ന് അദ്ദേഹം ഉടമ ഗിരീഷ് ആരോപിച്ചിരുന്നു. എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം 70 ദിവസത്തോളം ബസ് കട്ടപ്പുറത്തിരുന്നു എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.
അതിനിടെ കെഎസ്ആര്‍ടിസി ഈ സര്‍വീസിലെ ബുക്കിങ് ഏറ്റെടുക്കുകയും ചെയ്തു. പുലര്‍ച്ചെ 3.30ന് പുനലൂരില്‍ നിന്നാണ് എസി ബസിന്റെ സര്‍വീസ് ആരംഭിക്കുന്നത്. പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, മണ്ണുത്തി, പാലക്കാട് വഴി രാവിലെ 10.30 ന് കോയമ്പത്തൂരില്‍ എത്തും. വൈകിട്ട് 5 നാണ് മടങ്ങുന്ന ബസ വൈറ്റില വഴി രാത്രി 12.45 ന് പുനലൂരില്‍ എത്തും.