30.6 C
Kottayam
Wednesday, May 15, 2024

കാനഡയിൽ ഉപരിപഠനത്തിന് ഒരുങ്ങുന്നവർക്ക് കനത്ത തിരിച്ചടി; പുതിയ നിയമം,ഇന്ത്യക്കാർക്ക് ആശങ്ക

Must read

ടൊറന്റോ:ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി പോകുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. 2022 ലെ കണക്ക് പ്രകാരം 3,19,000 ഓളം ഇന്ത്യക്കാർ ഇവിടെ ഉപരിപഠനം നടത്തുന്നുണ്ട്. കാനഡയിലേക്ക് കുടിയേറാനായി ഇനിയും കൂടുതൽ പേർ കാത്തിരിക്കുകയാണ്. ഉയർന്ന ജീവിത നിലവാരവും കുറഞ്ഞ പഠനചെലവുമെല്ലാമാണ് ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

എന്നാൽ ഇനി കാനഡയിലെ പഠനം ചിലവ് കുറഞ്ഞതായിരിക്കില്ല. വിദേശവിദ്യാര്‍ഥികള്‍ക്കുള്ള ജീവിതച്ചെലവ് ഇരട്ടിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് രാജ്യം. ജനുവരി ഒന്നുമുതല്‍ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്ക് തന്നെയാണ് തീരുമാനം കനത്ത തിരിച്ചടിയായേക്കുക.

അടുത്ത വര്‍ഷം മുതല്‍ കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 കനേഡിയന്‍ ഡോളര്‍ (12,66,476.80 രൂപ) ആണ് അക്കൗണ്ടിൽ കാണിക്കേണ്ടി വരിക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 10,000 ഡോളര്‍ (ഏകദേശം 6.13 ലക്ഷം രൂപ) ആയിരുന്നു കാണിക്കേണ്ടിയിരുന്നത്.ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയില്‍ പരിധി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്യൂഷൻ ചെലവിനും യാത്രചെലവിനും പുറമെയാണിത്. ഇവിടെയെത്തുന്ന വിദ്യാർത്ഥികൾക്ക് മികച്ച ജീവിതം ഉറപ്പാക്കാനാണ് ഇതെന്ന് മില്ലർ പറഞ്ഞു.

വിദേശ വിദ്യാർത്ഥികളെ താമസിക്കാൻ സഹായം വാഗ്ദാനം ചെയ്യാത്ത പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ട് ടൈം ജോലി സംബന്ധിച്ച നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ആഴ്ച്ചയില്‍ 20 മണിക്കൂര്‍ എന്നതായിരുന്നു വ്യവസ്ഥ. ഇതിൽ ഇളവ് അനുവദിച്ചത് ഏപ്രിൽ 30 വരെ നീട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ട് ടൈം ജോലി ആഴ്ച്ചയില്‍ 30 മണിക്കൂറായി വര്‍ധിപ്പിക്കുന്നത് പരിഗണിനയിലാണെന്നും മന്ത്രി പറഞ്ഞു.

കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഐഇഎൽടിഎസ് പരീക്ഷകളുടെ കോളേജ് ഫീസ്, ഉയർന്ന വാടക എന്നിങ്ങനെ ഇതിനോടകം തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ് വിദ്യാർത്ഥികൾ നേരിടുന്നത്. ഇത്തരത്തിലുള്ള പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന് പകരം വിദ്യാർത്ഥികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുന്ന തീരുമാനങ്ങളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week