FeaturedHome-bannerKeralaNews

എം എ യൂസഫലിയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി; വാര്‍ത്തകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കോടതി,നീക്കം ചെയ്തില്ലെങ്കിൽ ചാനൽ സസ്പെൻഡ് ചെയ്യും

ന്യൂഡൽഹി:ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി. എം എ യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ 24 മണിക്കൂറാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഗൂഗിളിനും യൂട്യൂബിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2013 മുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് എം എ യൂസഫലി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഡിയോ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം ഉദേശിച്ചുള്ളതാണെന്നായിരുന്നു യൂസഫലിയുടെ വാദം.

24 മണിക്കൂറിനകം വാര്‍ത്തകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഷാജന്‍ സ്‌കറിയയുടെ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും യൂട്യൂബിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഷാജന്‍ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുതെന്ന് സാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button