ധാക്കുവാഖാന: കളംനിറഞ്ഞു കളിച്ചിട്ടും സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി (0-1). എക്‌സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിന്റെ ബലത്തിൽ സർവീസസ് കിരീടമണിഞ്ഞു. 109-ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. കലാശപ്പോരിൽ പട്ടാളക്കരുത്തരെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ഇറങ്ങിയ കേരളത്തിന് ഒടുവിൽ എക്‌സ്ട്രാ ടൈമിൽ പിഴയ്ക്കുകയായിരുന്നു.
സർവീസസിന്റെ എട്ടാം കിരീടമാണിത്. 2024-ൽ കിരീടം നേടുകയും കഴിഞ്ഞവർഷം സെമിയിൽ കടക്കുകയുംചെയ്ത സർവീസസ് ഇത്തവണയും ആ മികവ് തുടർന്നു. തുടർച്ചയായ രണ്ടാംവട്ടമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ വർഷം ഹൈദരാബാദിൽ ഫൈനൽ കളിച്ച കേരളത്തെ ഇഞ്ചുറി ടൈമിലെ ഗോളിൽ ബംഗാളാണ് വീഴ്ത്തിയത്.
ക്വാർട്ടറിലും സെമിയിലും പുറത്തെടുത്ത ആക്രമണവീര്യം അതേപോലെ തുടർന്ന കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയത് അവർക്ക് തിരിച്ചടിയായി.
തുടക്കംതൊട്ട് കളത്തിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളത്തിന്റെ ആധിപത്യമായിരുന്നു. കേരളത്തിന്റെ മുന്നേറ്റങ്ങളെ നന്നായി പ്രതിരോധിച്ച സർവീസസിന്റെ പ്രതിരോധ നിരയും മികവ് പുലർത്തി. സർവീസസിന്റെ ഗോൾകീപ്പർ ഗഗൻദീപിന്റെ മികച്ച സേവുകളാണ് പലപ്പോഴും കേരളത്തിന് വിലങ്ങുതടിയായത്.
മുന്നേറ്റത്തിൽ അർജുൻ, അജ്‌സൽ കോമ്പിനേഷൻ സർവീസസിന് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 27-ാം മിനിറ്റിൽഅർജുന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് കേരളത്തിന് നിരാശയായി. പിന്നാലെ ഷിജിനെടുത്ത കിക്കും വലയിലെത്താതെ പോയി. താരത്തിന്റെ ഗോളെന്നുറച്ച ഹെഡർ ബോക്‌സിന് പുറത്തേക്ക് പോകുകയായിരുന്നു. ആദ്യ ഇലവനിൽ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയ്. എം. വിഘ്‌നേഷിന് പകരം ടി. ഷിജിൻ പ്ലേയിങ് ഇലവനിലെത്തി.
തുടക്കംതൊട്ട് ആക്രമണത്തിനായി വൈഡ് അറ്റാക്കിങ് ഷേപ്പാണ് കേരളം സ്വീകരിച്ചത്. സർവീസസ് നിരയിൽ അഭിഷേക് പവാറാണ് കേരള പ്രതിരോധത്തെ പലപ്പോഴും പരീക്ഷിച്ചത്. 57-ാം മിനിറ്റിൽ പരിക്കേറ്റ ഷിജിന് പകരം കേരളത്തിന് വിഘ്‌നേഷിനെ കളത്തിലിറക്കേണ്ടി വന്നു. 85-ാം മിനിറ്റിൽ വിഖ്‌നേഷിന്റെ ഗോളെന്നുറച്ച ഷോട്ടും ഗഗൻദീപ് രക്ഷപ്പെടുത്തി.
ഒടുവിൽ 109-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്നുവന്ന ഒരു ക്രോസാണ് മത്സരത്തിന്റെ ഫലം നിർണയിച്ചത്. കേരള ഗോൾകീപ്പർ തട്ടിയകറ്റിയ പന്ത് നേരേ വീണത് അഭിഷേകിന്റെ കാൽപ്പാകത്തിന്. പന്ത് വലയിലെത്തിച്ച് താരം സർവീസസിന് കിരീട വിജയം സമ്മാനിച്ചു. പ്രത്യാക്രമണത്തിൽനിന്നു കിട്ടുന്ന അവസരങ്ങൾ ഞൊടിയിടയിൽ ലക്ഷ്യത്തിലെത്തിക്കാനുള്ള അഭിഷേകിന്റെ മികവാണ് നിർണായകമായത്.
Kerala suffered a narrow 0-1 defeat against Services in the Santosh Trophy final, despite putting up a dominant performance throughout the match. After a goalless draw in regulation time, the deadlock was broken in the 109th minute of extra time by Services’ Abhishek Pawar. Although Kerala executed strong tactical plays to counter the military side’s physical strength, a momentary lapse in the second half of extra time cost them the championship.


