തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം നിശബ്ദ വ്യാപനം നടത്തിയെന്ന് കണ്ടെത്തല്‍. സെറോ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. വാക്സിനെടുക്കാത്തവരില്‍ 70 ശതമാനം പേര്‍ക്കും രോഗം വന്നതിലൂടെ മാത്രം പ്രതിരോധം ലഭിച്ചതായും കണ്ടെത്തല്‍. ഗര്‍ഭിണികളെ ഒരു ഡോസ് വാക്സിനെങ്കിലും അടിയന്തിരമായി നല്‍കി സുരക്ഷിതരാക്കേണ്ടതുണ്ട് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
മുഴുവന്‍ വാക്സിനെടുത്തവരില്‍ 89.92 ശതമാനം പേര്‍ക്ക് പ്രതിരോധശേഷിയുണ്ട്. ഒരു ഡോസെങ്കിലും എടുത്തവരില്‍ 81.70 ശതമാനം. കൊവിഡ് വന്നുപോയവരില്‍ 95.55 ശതമാനം പേര്‍ക്കും പ്രതിരോധ ആന്റിബോഡിയുണ്ടെന്ന് സെറോ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
18 വയസിന് മുകളിലുള്ള 4429 പേരെയാണ് മൊത്തം പരിശോധിച്ചത്. ഇതില്‍ വാക്സിനെടുക്കാത്ത 847 പേരില്‍ 593 പേര്‍ പോസിറ്റിവായി. വാക്സിനെടുക്കാത്തവരില്‍ രോഗം വന്നുമാത്രം പ്രതിരോധം ലഭിച്ചത് 70.01 പേര്‍ക്കെന്നാണ് വ്യക്തമാകുന്ന കണക്ക്. വാക്സിനെടുക്കാത്ത ഇത്രയും പേരിലെ സെറോ പോസിറ്റിവ് നിരക്ക് വന്‍ വ്യാപനത്തിന്റെ ലക്ഷണമാണ്. എന്നാല്‍ നിശബ്ദ വ്യാപനത്തില്‍ ചികിത്സാ രംഗത്ത് പ്രതിസന്ധി ഉണ്ടാകാതിരുന്നതും ശ്രദ്ധേയമാണ്.
42.7 ശതമാനത്തില്‍ നിന്ന് 70 ശതമാനം പേരിലെക്ക് വ്യാപനമെത്തിയതായി കണക്കാക്കാമെങ്കില്‍ പക്ഷെ സര്‍വ്വേ പ്രകാരം കുട്ടികളില്‍ 40.02 ശതമാനമേ രോഗം വന്നിട്ടുള്ളൂവെന്നതും ശ്രദ്ധേയം. ജില്ലകളില്‍ പത്തനംതിട്ടയിലാണ് ഏറ്റവുമധികം സെറോ നിരക്ക് 92.4 ശതമാനം. കുറവ് വയനാട്ടിവാണ് 70.8 ശതമാനം.
തീരദേശത്തെ കണക്കുകളില്‍ 76 ശതമാനം പേരും രോഗം വന്നുപോയവരാണ്. വാക്സിനെടുക്കാത്ത 341ല്‍ 259 പേരും രോഗബാധിതരായി. രണ്ട് ഡോസുമെടുത്തവരില്‍ 93.3 ശതമാനമാണ് സെറോ നിരക്ക്. നഗര ചേരികളില്‍ വാക്സിനെടുക്കാത്ത 72.4% പേര്‍ക്കും ആന്റിബോഡി ഉണ്ട്. മുഴുവന്‍ വാക്സിനെടുത്തവരില്‍ 91.2% പ്രതിരോധം. ആദിവാസി വിഭാഗത്തില്‍ വാക്സിനെടുക്കാത്ത 67.1 ശതമാനം പേര്‍ക്കാണ് ആന്റിബോഡി.
സര്‍വ്വേയില്‍ 58.8% ഗര്‍ഭിണികളും കോവിഡിനെതിരെ പ്രതിരോധമില്ലാത്തവരാണ്. വാക്സിനെടുക്കാത്ത 1337 പേരില്‍ 49.8 ശതമാനം പേര്‍ക്ക് ആന്റിബോഡി ഉണ്ട്. ഒരു ഡോസെങ്കിലും എടുത്തവരില്‍ 87.6 ശതമാനം പ്രതിരോധമാണ് ഉള്ളത്. ഒരു ഡോസെങ്കിലും എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തം.