EntertainmentKeralaNews

സീരിയലുകള്‍ക്ക് സെന്‍സറിംഗ് വരുന്നു,പരമ്പരകളില്‍ അശാസ്ത്രീയവും അന്ധവിശ്വാസവും പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങളുണ്ടെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍

കൊച്ചി:മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലടക്കം ജനപ്രീതി നേടിയ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നാണ് സീരിയലുകള്‍. വീട്ടമ്മമാരും കുട്ടികളുമടക്കം നിരവധി പേരാണ് കാഴ്ച്ചക്കാരായുള്ളത്. വിനോദത്തിനു വേണ്ടിയെന്ന രൂപത്തില്‍ ദിവസേന വീടുകളുടെ സ്വീകരണ മുറിയില്‍ നിറഞ്ഞോടുന്ന സീരിയലുകള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്ന് നാളുകളായുള്ള ആവശ്യമാണ്. പലരും മുമ്പും ഈ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ ഇപ്പോഴിതാ സിനിമയിലേതു പോലെ തന്നെ ടെലിവിഷന്‍ സീരിയലുകളിലും സെന്‍സറിംഗ് സംവിധാനം പരിഗണനയിലുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഈ വിഷയം ഗൗരവകരമായി തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.’സ്ത്രീകളും കുട്ടികളും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും അന്ധവിശ്വാസ ജടിലവും പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപപ്പെടുത്തും,’ സജി ചെറിയാന്‍ പറഞ്ഞു.

പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളിലാണ് ജനങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതും പരിഗണനയിലുണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതവിദ്വേഷവും വര്‍ഗീയത വളര്‍ത്തുന്നുണ്ട്. കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ സീരിയലുകള്‍ക്കെതിരെ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി. കമാല്‍ പാഷ രംഗത്തെത്തിയിരുന്നു. നാട്ടില്‍ നടക്കുന്ന അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും സീരിയല്‍ കാരണമാകുന്നുണ്ടെന്നായിരുന്നു കമാല്‍ പാഷയുടെ പ്രതികരണം. മാത്രമല്ല, സീരിയലിലെ പ്രമേയങ്ങള്‍ വളരെ അപകടകരമാണ്. ഭാര്യ ഭര്‍ത്താവിനെ ചതിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ ചതിക്കുന്നു, ഒഴിച്ചോട്ടം, അബോര്‍ഷന്‍ എന്നിങ്ങനെയാണ് സീരിയലിലെ പ്രമേയങ്ങള്‍. ഇവ പഴയകാല പൈങ്കിളി സാഹിത്യത്തിനെക്കാള്‍ മോശമായതാണ്. പല വലിയ കലാകാരന്മാരും തന്നോട് പരാതിപറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സീരിയലുകളില്‍ വലിയ ക്രൂരതയാണ് നടക്കുന്നത്. കുട്ടികളെ അടക്കമുള്ളവരെ ഈ സീരിയലുകള്‍ സ്വാധീനിക്കുന്നുണ്ട്. സീരിയല്‍ സെന്‍സറിംഗ് എന്നത് വളരെ നേരത്തേ ഉയര്‍ന്ന ആവശ്യമാണ് അത് കര്‍ശനമായി നടപ്പാക്കണമെന്നും ഇപ്പോള്‍ കാണിക്കുന്ന സീരിയലില്‍ ഏതോ ഭീകരനെ രക്ഷിക്കാന്‍ കഴുത്തില്‍ കത്തിവച്ചിരിക്കുന്ന കുട്ടികളെയാണ് കാണിക്കുന്നത്. അതും വളരെ നാളായി കാണിക്കുന്നു. അത് ചാനലുകള്‍ ശ്രദ്ധിക്കണമെണം ആരേയും വിമര്‍ശിക്കാനല്ല മാധ്യമങ്ങള്‍ കുറച്ചുകൂടി സാമൂഹ്യ പ്രതിബദ്ധത ഉറപ്പുവരുത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഈ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വൈകുന്നേരം ആറുമണി മുതല്‍ പതിനൊന്ന് മണി വരെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന സീരിയലുകളില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നത് നല്ല കാര്യമെന്നാണ് എല്ലാവരും പറയുന്നത്. സീരിയല്‍ എപ്പിസോഡുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണം. ഒരോ ആഴ്ച്ചയിലും സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡുകള്‍ ഒരു നിരീക്ഷണ സമിതിക്കു മുമ്പാകെ സമര്‍പ്പിക്കണം.

സിനിമകള്‍ക്കും ബാധകമായ പൊതുനിമയമങ്ങള്‍ സിരീയലുകള്‍ക്കും ഏര്‍പ്പെടുത്തണം. ഇവ പാലിക്കാതെയാണോ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നു നിരീക്ഷണ സമിതി പരിശോധിക്കണം. അനുമതി നല്‍കാത്ത എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കരുത്. കഴിയുമെങ്കില്‍ ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്യാവുന്ന സീരിയലുകളുടെ എണ്ണവും നിയന്ത്രിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദങ്ങള്‍.

സീരിയലുകളില്‍ നിന്നും തെറ്റായ സന്ദേശം സമൂഹത്തിലേയ്ക്ക് പടരുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ വിഷയത്തെ കുറിച്ച് ആധികാരികമായ ചര്‍ച്ചകള്‍ തന്നെ ഉടലെടുക്കുന്നത്. ഇവിടെ മുഴുവന്‍ നടക്കുന്നത് തെറ്റുകളാണ്, അതുകൊണ്ട് നിങ്ങളും തെറ്റു ചെയ്‌തോളൂ എന്നാണവര്‍ പറയുന്നത്. കടം വീടാന്‍ സ്വന്തം മകളെ മധ്യവയസ്‌കന്റെ ഭാര്യയാകാന്‍ പ്രേരിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു ചിന്തിക്കുന്ന മാതാപിതാക്കളും സ്വര്‍ണവും പണവുമാണ് ജീവിതത്തില്‍ എല്ലാമെന്നു വിചാരിക്കുന്ന യുവതിയും ഇഷ്ടമുള്ള പുരുഷനെ സ്വന്തമാക്കാന്‍ അയാളുടെ ഭാര്യയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വിദ്യാസമ്പന്നയും കൊച്ചുകുട്ടികളോടു ക്രൂരത കാണിക്കുന്ന മുത്തശ്ശിയുമെല്ലാം നല്‍കുന്ന സന്ദേശങ്ങള്‍ എന്താണ്? എന്നും അന്ന് ചോദ്യമുയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button