28.9 C
Kottayam
Tuesday, September 17, 2024

സയനൈഡ് നൽകി കൊന്നത് നാലുപേരെ; ആന്ധ്രയിൽ പരമ്പര കൊലയാളികളായ മൂന്ന് സ്ത്രീകൾ പിടിയിൽ

Must read

അമരാവതി: ആന്ധ്രാപ്രദേശിലെ തെനാലിയില്‍ പരമ്പര കൊലയാളികളായ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് മുനഗപ്പ രജനി(40), രജനിയുടെ അമ്മ ജി. രമണമ്മ(60), എം. വെങ്കിടേശ്വരി(32) എന്നിവരെ ഗുണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കൊലപ്പെടുത്തിയ നാലില്‍ മൂന്നുപേരും സ്ത്രീകളാണെന്നും കൊലപാതകത്തിന് ശേഷം ആഭരണങ്ങളും പണവും മറ്റുവിലപ്പിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണില്‍ ഗുണ്ടൂരിലെ വഡ്‌ലമുഡി ഗ്രാമത്തിലെ ക്വാറിക്ക് സമീപം ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്നും കൊല്ലപ്പെട്ടത് ഷെയ്ഖ് നാഗൂര്‍ബി എന്ന സ്ത്രീയാണെന്നും കണ്ടെത്തി. തുടര്‍ന്ന് രണ്ട് പ്രത്യേകസംഘങ്ങളായി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൂവര്‍സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് തെളിഞ്ഞത്.

പ്രതികളായ മൂന്നുപേരും തെനാലിയിലെ യാഡ്‌ല ലിംഗയ്യ കോളിനിയിലെ താമസക്കാരാണ്. അറസ്റ്റിലായ രജനി നേരത്തെ കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പിലും പങ്കാളിയായിരുന്നു. അമ്മ രമണമ്മയുമായി ചേര്‍ന്ന് സ്വത്തിന് വേണ്ടി രജനി ഭര്‍തൃമാതാവായ സുബ്ബലക്ഷ്മിയെ കൊലപ്പെടുത്തിയിരുന്നു. 2022-ലായിരുന്നു ഈ സംഭവം.

പിന്നീട് 2023 ഓഗസ്റ്റില്‍ തെനാലി സ്വദേശിനിയായ നാഗമ്മ(60)യെയും പ്രതികള്‍ കൊലപ്പെടുത്തി. വായ്പ തിരിച്ചടക്കാനുള്ള പണം കണ്ടെത്താനായിരുന്നു ഈ കൊലപാതകം. ഇതിനുശേഷം ഇവരുടെ സുഹൃത്തായ ഭൂദേവി എന്ന സ്ത്രീയുടെ ഭര്‍ത്താവിനെയും പ്രതികള്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തി. ഭൂദേവിയെ നിരന്തരം ഉപദ്രവിച്ചതിന് പ്രതികാരമായാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ഇതിനുപുറമേ മൂന്ന് സ്ത്രീകളെ കൂടി സമാനരീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സ്ത്രീകളെ കൊലപ്പെടുത്തി അവരുടെ കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക എന്നതായിരുന്നു മൂവര്‍സംഘത്തിന്റെ രീതി. എന്നാല്‍, നാഗൂര്‍ബിയുടെ മരണത്തില്‍ പ്രതികളുടെ പദ്ധതി പാളി. നാഗൂര്‍ബിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ ചില സംശയങ്ങള്‍ ഉന്നയിച്ചതോടെ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

നാഗൂര്‍ബിയെ കാണാതാകുന്ന സമയത്ത് രജനിയും വെങ്കിടേശ്വരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവദിവസം പ്രതികള്‍ നാഗൂര്‍ബിക്കൊപ്പം ഓട്ടോയില്‍ സഞ്ചരിച്ചതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് നേരത്തെ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും പ്രതികള്‍ വെളിപ്പെടുത്തിയത്.

വെങ്കിടേശ്വരിയും രജനിയുമാണ് നാഗൂര്‍ബിയുമായി സൗഹൃദംസ്ഥാപിച്ച് കൊലപാതകം നടന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. വിനോദയാത്ര പോകാമെന്നും വിരുന്ന് നല്‍കാമെന്നും പറഞ്ഞാണ് പ്രതികള്‍ സ്ത്രീയെ കൊണ്ടുപോയത്. തുടര്‍ന്ന് വൈനില്‍ സയനൈഡ് കലര്‍ത്തി സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈയിലുണ്ടായിരുന്ന പണവും കവര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായ പ്രതികളില്‍നിന്ന് സയനൈഡ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികള്‍ കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ചിലതും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സയനൈഡ് നല്‍കിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week