ബറേലി: ഏഴ് മാസത്തിനുള്ളിൽ 9 സ്ത്രീകളെ കൊന്ന് തള്ളി ഉത്തർപ്രദേശിനെ ഭീതിയിലാക്കിയ സീരിയൽ കില്ലർ അറസ്റ്റിൽ. സാരി കൊണ്ടോ ഷാൾ ഉപയോഗിച്ചോ കഴുത്തിൽ ഒരു കെട്ടുമായി സ്ത്രീകളുടെ മൃതശരീരം ബറേലിയിൽ കാണാൻ ആരംഭിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്. സമാനമായ രീതിയിലെ മൂന്നിലേറെ കൊലപാതകങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഒരാൾ തന്നെയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന സംശയം പൊലീസിനുണ്ടാവുന്നത്. 22 സംഘമായി തിരിഞ്ഞ് 25 കിലോമീറ്റർ പരിസര പ്രദേശം പൊലീസ് അരിച്ച് പെറുക്കി നടത്തിയ തെരച്ചിലിന് ഒടുവിലാണ് ബറേലി സ്വദേശിയായ യുവാവ് പിടിയിലായത്.
നവാബ്ഗഞ്ച് സ്വദേശിയാണ് കുല്‍ദീപ്. കൊലപാതകങ്ങള്‍ നടന്ന ഷാഹി- ഷീഷ്ഗഡിലെ മൂന്ന് ഗ്രാമങ്ങളില്‍ ഇയാളുടെ ബന്ധുക്കള്‍ താമസിക്കുന്നുണ്ടെന്നും ഇവിടെ സ്ഥിരമായി വന്നുപോകാറുണ്ടായിരുന്നെന്നും ബറേലി എസ്.എസ്.പി. അനുരാഗ് ആര്യ പറഞ്ഞു. പ്രാദേശിക റോഡുകള്‍ ഒഴിവാക്കി കൃഷിയിടങ്ങള്‍ വഴി സഞ്ചരിക്കുന്ന ഒരാളെക്കുറിച്ച് പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഒരുദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ തിരിച്ചറിഞ്ഞു. എന്നാല്‍, ഉടനെ പിടികൂടാതെ കാത്തിരുന്നു. ദിനചര്യ വീഡിയോയില്‍ പകര്‍ത്തി. പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം പിടികൂടുകയായിരുന്നെന്നും കുറ്റം ഇയാള്‍ സമ്മതിച്ചെന്നും പോലീസ് വ്യക്തമാക്കി.
വലിയ അളവില്‍ ഭൂസ്വത്തിന്റെ ഉടമയാണ് കുല്‍ദീപ്. രണ്ടാം ഭാര്യയുടെ സമ്മര്‍ദത്തിന് വഴങ്ങി പിതാവ് തന്റെ അമ്മയെ മര്‍ദിക്കുന്നത് കണ്ടാണ് ഇയാള്‍ വളര്‍ന്നത്. പിതാവിനേപ്പൊലെതന്നെ അക്രമണസ്വഭാവം ഉണ്ടായിരുന്ന ഇയാൾ പിന്നീട് ലഹരിക്ക് അടിമയായി. വിവാഹിതനായ ഇയാള്‍ ഭാര്യയെ തല്ലുമായിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചുപോയി. ഈ പകയാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിടാന്‍ കാരണമായതെന്നാണ് പോലീസ് കണ്ടെത്തല്‍.
50 വയസ്സ് പ്രായമുണ്ടായിരുന്ന രണ്ടാനമ്മയോടുള്ള പകയേത്തുടർന്നാണ് ഇയാള്‍ 45-നും 55-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തന്റെ ക്രൂരതയ്ക്ക് ഇരയായി തിരഞ്ഞെടുത്തത്. വധിക്കുന്ന സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. സാരി കഴുത്തില്‍ കുരുക്കിയാണ് കൊലപാതകം നടത്തിയിരുന്നത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കരിമ്പ് പാടങ്ങളില്‍ ഉപേക്ഷിക്കും. എട്ടാമത്തെ കൊലപാതകവും അവസാനത്തേതും തമ്മില്‍ ഏഴ് മാസത്തെ ഇടവേളയുണ്ടായിരുന്നു. കരിമ്പ് വിളവെടുപ്പ് ആരംഭിച്ചതിനാല്‍ പാടങ്ങളില്‍ കര്‍ഷകരുടെ സാന്നിധ്യം കാരണം ഇയാളുടെ പദ്ധതികള്‍ വൈകുകയായിരുന്നു.
കുല്‍ദീപിന് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കണ്ടെത്തിയ ശേഷം ഇവരെ വലിച്ചിഴച്ച് കരിമ്പ് പാടത്തേക്ക് കൊണ്ടുപോവും. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരകള്‍ തടുക്കും. ഇത് ഇയാളെ കൂടുതല്‍ അക്രമാസക്തനാക്കുകയും പെട്ടെന്ന് കൊലപാകം നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു.
22 സംഘങ്ങളായി തിരിഞ്ഞ് 1500 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത് . ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ടത്. പാടത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന മധ്യവയസ്കരായ സ്ത്രീകളെ കൊന്ന് മൃതദേഹം പാടത്ത് ഉപേക്ഷിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ പക്കൽ നിന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണവും പൊട്ടുകളും വസ്ത്രങ്ങളും ഇയാൾ സൂക്ഷിച്ച് വച്ചിരുന്നു. ഇത്തരം വസ്തുക്കൾ ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടിട്ടുണ്ട്. 2023 ജൂലൈ 1നാണ് ബറേലിയിലെ ഷാഹിയിലും ഷീഷ്ഗാഹ് പരിസരത്തുമായാണ് കൊലപാതകങ്ങൾ നടന്നിരുന്നത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.