സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ റഡാർ ഉപയോഗിച്ച് പരിശോധന

ആലപ്പുഴ: ചേർത്തലയിൽ സീരിയൽ കില്ലറെന്ന സംശയിക്കുന്ന, അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സിഎം സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ പരിശോധന. വർഷങ്ങൾക്ക് മുമ്പ് കാണാതായ പഞ്ചായത്ത് മുൻ ജീവനക്കാരി ചേർത്തല വാരനാട് വെളിയിൽ ഐഷയുടെ അയൽവാസിയാണ് റോസമ്മ. ഐഷ സെബാസ്റ്റ്യനെ പരിചയപ്പെടുന്നത് റോസമ്മ വഴിയാണ്. റോസമ്മയുടെ കോഴിഫാമിലാണ് പരിശോധന നടത്തുന്നത്. റോസമ്മ പരസ്‌പര വിരുദ്ധമായാണ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സെബാസ്റ്റ്യന്റെ വീട്ടിലും കൂടുതൽ പരിശോധന നടക്കുകയാണ്. അടുപ്പിൽ നിന്ന് വാച്ചിന്റെ ഭാഗം കണ്ടെത്തി. അതേസമയം, ഐഷ തിരോധനക്കേസിൽ റോസമ്മയ്ക്ക് പങ്കുള്ളതായി ബന്ധു ആരോപിച്ചു. അമ്മാവൻ എന്നാണ് എല്ലാവരും സെബാസ്റ്റ്യനെ വിളിച്ചിരുന്നത്. പാവമാണെന്നാണ് കരുതിയത്. റോസമ്മയും ഐഷയും തമ്മിൽ മൂന്ന് മാസത്തെ പരിചയമാണുള്ളതെന്നും ബന്ധു വ്യക്തമാക്കി. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന നടത്തിയത്. റോസമ്മയുടെ വീടിന്റെ ഭാഗത്തും സിഗ്നൽ ലഭിച്ചു. തുടർന്നാണ് റോസമ്മയുടെ വീടിന്റെ ഭാഗത്തും പരിശോധന തുടങ്ങിയത്.

പള്ളിപ്പുറത്തെ കുടുംബസ്വത്തായ ഭൂമിയിൽ വല്ലപ്പോഴുമാണ് പോകാറുള്ളതെന്നും പറമ്പിൽ കയറി മറ്റാരോ മൃതദേഹം മറവുചെയ്തതായിരിക്കും എന്ന് മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് സെബാസ്റ്റ്യൻ. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ പിടിയിലായ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീകളുടെ തിരോധാനത്തിൽ തനിക്ക് പങ്കില്ലെന്ന പ്രതിയുടെ പ്രതികരണം. പറമ്പിൽ നിന്ന് ലഭിച്ച അസ്ഥികൾ ആരുടേതാണെന്ന് വ്യക്തമാകാൻ ഡി.എൻ.എ ഫലം ലഭിക്കേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News