അർജന്റൈന്‍ കളിക്കാർക്ക് നേരെ വന്ന സ്വീഡഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ വിമർശനത്തിന് മറുപടിയുമായി സെർജിയോ അഗ്യുറോ. സ്വന്തം രാജ്യത്തെ കാര്യം നോക്കിയാൽ മതി എന്നാണ് സ്ലാട്ടന് അർജന്റൈൻ മുൻ സ്ട്രൈക്കർ അഗ്യുറോയുടെ മറുപടി.
ഇബ്രാഹിമോവിച്ച് പറഞ്ഞത് ഇങ്ങനെ, എക്കാലത്തേയും മികച്ച കളിക്കാരനാണ് മെസി. മെസി ജയിക്കാൻ പോവുകയാണെന്ന് എനിക്ക് ഉറപ്പുണ്ടായി. എംബാപ്പെ ഒരു ലോകകപ്പ് കൂടി ജയിക്കും. മെസിയെ കുറിച്ച് എനിക്ക് ആശങ്കകളില്ല. എന്നാൽ അർജന്റൈൻ ടീമിലെ മറ്റ് കളിക്കാർ അങ്ങനെയല്ല. അവർ ഇനിയൊന്നും ജയിക്കാൻ പോകുന്നില്ല. മെസി എല്ലാം ജയിച്ചു കഴിഞ്ഞു. എക്കാലവും മെസി ഓർമിക്കപ്പെടും. എന്നാൽ ബാക്കിയുള്ളവരെല്ലാം മോശമായാണ് പ്രതികരിച്ചത്. അത് ബഹുമാനിക്കാൻ നമുക്കാവില്ല.
മാഞ്ചസ്റ്റർ ഡെർബിയിലെ ഇബ്രയുമായുള്ള കൊമ്പുകോർക്കൽ ഓർമിപ്പിച്ചാണ് അഗ്യുറോ ഇവിടെ മറുപടി നൽകുന്നത്. നിങ്ങളിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ശരിയല്ലേ? ഞാൻ ബെഞ്ചിലായിരുന്നു. നീ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. ഓട്ടമെൻഡിയോടും ഗ്വാർഡിയോളയോടും നീ മോശമായി പെരുമാറി. ബാഴ്സയിൽ നിന്ന് ഗ്വാർഡിയോള നിന്നെ ഒഴിവാക്കിയത് അതിനാലാണ്.
അർജന്റീനയെ കുറിച്ച് ആശങ്കപ്പെടുന്നതിന് മുൻപ് നിങ്ങളുടെ രാജ്യത്തേക്കും കളിക്കാരിലേക്കും നോക്കു. കഴിഞ്ഞ ലോകകപ്പിൽ അവർ ഉണ്ടായില്ല. യോഗ്യത പോലും നേടിയില്ല. ഞങ്ങൾ ലോക ചാമ്പ്യന്മാരാണ് സ്ലാട്ടൻ. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി…അഗ്യുറോ പറയുന്നു.