ദോഹ: ഇതാണ് പേരാട്ടം. ഇതാണ് ആവേശം. ഇതാണ് ഗോള്‍ പവര്‍. ആവേശം വാനോളം ഉയര്‍ത്തി ഗോള്‍വര്‍ഷം കണ്ട ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തില്‍ സെര്‍ബിയയും കാമറൂണും തുല്ല്യരായി പിരിഞ്ഞു. (3-3).
തോല്‍വിയെന്നാല്‍ ഇരുകൂട്ടര്‍ക്കും മരണമായിരുന്ന മത്സരത്തില്‍ ആദ്യം ഗോളടിച്ചത് കാമറൂണാണ്. പിന്നീട് സെര്‍ബിയ മൂന്ന് ഗോളടിച്ച് അവരെ മുക്കി. എന്നാല്‍, തളരാതെ പൊരുതിയ കാമറൂണ്‍ രണ്ടെണ്ണം കൂടി മടക്കി സ്വപ്നതുല്ല്യമായി തിരിച്ചുവന്നു.
ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ കാസ്റ്റെലെറ്റോയാണ് കാമറൂണിന്റെ ഗോളോടെ വല കുലുക്കിത്തുടങ്ങിയത്. കുന്ദേയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. കാമറൂണ്‍ താരത്തിന്റെ ഹൈ ഹെഡറിനുള്ള ശ്രമം ലക്ഷ്യം തെറ്റി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കാസിലേറ്റോയുടെ കാലിലേക്ക് വീഴുകയും താരം ലക്ഷ്യം കാണുകയുമായിരുന്നു.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സെര്‍ബിയയുടെ രണ്ട് ഗോളുകള്‍. ഇഞ്ചുറി ടൈമില്‍ പാവ്‌ലോവിച്ച് സെര്‍ബിയയുടെ സമനില ഗോള്‍ വലയിലാക്കി. രണ്ട് മിനിറ്റിനുള്ളില്‍ മിലന്‍കോവിച്ച് സാവിച്ച് ലീഡ് നേടി.
രണ്ടാം പകുതി തുടങ്ങി അമ്പത്തിമൂന്നാം മിനിറ്റില്‍ ഒന്നാന്തരം കൈമാറ്റത്തിനുശേഷം മിത്രോവിച്ച് മൂന്നാം ഗോള്‍ വലയിലാക്കി. ബോക്‌സിനുള്ളില്‍ നാല് തവണ പന്ത് പാസ് ചെയ്താണ് സെര്‍ബിയന്‍ താരങ്ങള്‍ മിത്രോവിച്ചിന് പന്ത് നീട്ടിയത്. ലക്ഷ്യം പിഴച്ചില്ല.
പിന്നീട് കാമറൂണിന്റെ കാലമായിരുന്നു. അറുപത്തിമൂന്നാം മിനിറ്റില്‍ വിന്‍സെന്റ് അബൂബര്‍ രണ്ടാം ഗോള്‍ അടിച്ചു. ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് പന്ത് വലയിലെത്തിച്ചാണ് അബുബക്കര്‍ ലക്ഷ്യം കണ്ടത്. മൂന്ന് മിനിറ്റിനുള്ളില്‍ മോട്ടിങ് അവരെ ഒപ്പമെത്തിച്ചു. ബോക്‌സിനുള്ളിലെ മനോഹരമായ ഒരു ക്രോസാണ് ഗോളിന് വഴിവെച്ചത്.
മൂന്നാം ഗോള്‍ വീണ ശേഷം നാലാമതൊന്നിനായി കാമറൂണ്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും സെര്‍ബിയന്‍ പ്രതിരോധം കൂടുതല്‍ അപകടമുണ്ടാകാതെ കാത്തു.