കൊച്ചി: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ കൊച്ചിയില്‍ പിടിയില്‍. അശോക് കുമാറിനെ ചെന്നൈയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. അശോക് കുമാറിനെ ഇന്ന് വൈകീട്ട് തന്നെ ചെന്നൈയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അശോക് കുമാറിനെ നാളെ കോടതിയില്‍ ഹാജരാക്കിയേക്കും.
സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ തന്നെ അശോക് കുമാറിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് ഹാജരാകാന്‍ ആദായനികുതി വകുപ്പും ഇഡിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് നാലുതവണയാണ് ഇഡി അശോക് കുമാറിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ അശോക് കുമാര്‍ ഇതുവരെയും ഹാജരായില്ല.
അശോക് കുമാര്‍ വിദേശത്തേയ്ക്ക് കടന്നിരിക്കാം എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അശോക് കുമാറിന്റെ ഭാര്യയുടെ പേരില്‍ സെന്തില്‍ ബാലാജി സ്ഥലം വാങ്ങിയതായി കണ്ടെത്തിയതായി പറയുന്നുണ്ട്. സെന്തില്‍ ബാലാജി ബിനാമി പേരില്‍ വാങ്ങിയ സ്വത്താണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അശോക് കുമാറിനെ ഇഡി കസ്റ്റഡിയിലെടുത്തത്.