NationalNews

വനവാസി എന്ന വിളിക്ക് പിന്നിൽ ദുരുദ്ദേശമുണ്ട്, ആദിവാസികൾ ഭൂമിയുടെ യഥാർത്ഥ അവകാശികൾ: രാഹുൽ ഗാന്ധി

വയനാട്: ആദിവാസി സമൂഹമാണ് ഭൂമിയുടെ യഥാർത്ഥ അവകാശികളെന്ന് രാഹുൽ ഗാന്ധി എം പി. അവർക്ക് ഭൂമിയിലും കാട്ടിലുമെല്ലാം പൂർണമായ അവകാശം നൽകണമെന്നും രാഹുൽ ഗാന്ധി മാനന്തവാടിയിൽ പറഞ്ഞു. എഞ്ചിനിയറിംഗും കമ്പ്യൂട്ടറും പഠിക്കാൻ അവർക്ക് അവസരം കിട്ടണം. വനാവകാശ നിയമമനുസരിച്ച് അവർക്ക് കാട്ടിൽ എല്ലാ അവസരങ്ങളും ഉണ്ടാകണം. ഇപ്പോൾ വനവാസി എന്ന ആശയവുമായി ചിലർ വന്നിട്ടുണ്ട്. വനവാസി എന്ന വിളിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അവരെ വനത്തിൽ മാത്രം പരിമിതപ്പെടുത്തുകയാണ്. വനം വിട്ട് എവിടെയും പോകരുത് എന്നതാണ് അജണ്ട. അത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രവും സംസ്കാരവും വളച്ചൊടിക്കുകയാണ്. ആദിവാസി ചരിത്രത്തിൽ നിന്നും ജീവിത രീതിയിൽ നിന്നും ഒട്ടേറെക്കാര്യങ്ങൾ പഠിക്കാനുണ്ട്. തന്നെ അയോഗ്യനാക്കിയപ്പോൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പാര്‍ലമെന്‍റ് അംഗത്വം തിരികെ കിട്ടിയ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് വയാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമെത്തിയ രാഹുലിന് വയനാട്ടിൽ വൻ സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്.

വൻ ജനാവലിയാണ് രാഹുലിനെ സ്വീകരിക്കാൻ കൽപറ്റയിലെത്തിയത്. വയനാട് തന്റെ കുടുംബമാണെന്നും താനും വയനാടും തമ്മിലുള്ള ബന്ധത്തെ പൊട്ടിച്ചെറിയാൻ ബിജെപിക്ക് ഒരിക്കലും കഴിയില്ലെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലാണ് കുടുംബാംഗങ്ങളുടെ ഇഴയടുപ്പം ശക്തമാകുക.

തന്റെ കുടുംബത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നുവെന്നും മാതാപിതാക്കളെ മക്കളിൽ നിന്നും സഹോദരങ്ങളെ പരസ്പരവും അകറ്റാൻ ശ്രമിച്ചാലും അവർ തമ്മിലുള്ള ബന്ധം ശക്തമാകുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കും ആർഎസ്എസിനും കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button