കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. റോയ്(82) അന്തരിച്ചു. കൊച്ചിയിലെ വസതിയിൽ മൂന്നുമണിയോടെ ആയിരുന്നു അന്ത്യം. പത്രപ്രവർത്തകൻ, കോളമിസ്റ്റ്, പ്രഭാഷകൻ, അധ്യാപകൻ, നോവലിസ്റ്റ് എന്നീ നിലകളിൽ തിളങ്ങിയിട്ടുണ്ട്.
1961-ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായാണ് റോയ്, മാധ്യമജീവിതത്തിന് തുടക്കം കുറിച്ചത്. ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ ദിനപത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു.എൻ.ഐ. വാർത്താ ഏജൻസിയിലും ജോലി ചെയ്തിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തനരംഗത്തുനിന്ന് വിരമിച്ച റോയ്, ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതിയിരുന്നു.
ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പത്രപ്രവർത്തന മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, ശിവറാം അവാർഡ്, അമേരിക്കൻ ഫൊക്കാന അവാർഡ്, സഹോദരൻ അയ്യപ്പൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.