25.5 C
Kottayam
Wednesday, May 22, 2024

പച്ചക്കറി വിൽപ്പന, രഹസ്യമായി ബ്രൗൺ ഷുഗറും; 100 മില്ലിഗ്രാമിന് 5000 രൂപ; അസം സ്വദേശി പിടിയിൽ

Must read

കോട്ടയം: കോട്ടയം നീലിമംഗലത്ത് പഴം പച്ചക്കറി വിൽപ്പനയുടെ മറവിൽ മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സോണിപൂർ പഞ്ച്മൈൽ ബസാർ സ്വദേശിയായ രാജികുൾ അലമി (33) നെയാണ് എക്സൈസ് പിടികൂടിയത്.

78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലാണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ നാലു ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

കോട്ടയം നഗരത്തിൽ പഴം പച്ചക്കറി വ്യാപരത്തിന്റെ മറവിൽ യുവാക്കളെയും വിദ്യാർഥി, വിദ്യാർഥിനികളെയും ലക്ഷ്യമാക്കിയാണ് ഇയാൾ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്നത്. കേരളത്തിൽ അതിഥി തൊഴിലാളി എന്ന വ്യാജേന പുതുതലമുറയുടെ ആവശ്യാനുസരണം മയക്കമരുന്ന് വിൽപ്പന നടത്തിവന്നിരുന്നയാളാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു.

അന്യസംസ്ഥാനത്തുനിന്നു ട്രെയിൻ മാർഗമാണ് ഇയാൾ കേരളത്തിലേയ്ക്ക് ബ്രൗൺ ഷുഗർ കൊണ്ടുവന്നിരുന്നത്. ഹെറോയിൻ എന്ന് അറിയപ്പെടുന്ന ബ്രൗൺ ഷുഗർ 100 മില്ലിഗ്രാമിന് 5000 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്.

മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ആയിട്ടുള്ള രാജികുൾ അലം പണം കണ്ടെത്താനുള്ള എളുപ്പവഴിയിലായിരുന്നു. യുവതലമുറയുടെ ലഹരിയോടുള്ള ഭ്രമം മനസിലാക്കിയാണ് ഇയാൾ ബ്രൗൺ ഷുഗർ വിൽപ്പന തുടങ്ങിയത്. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week