കോട്ടയം: പുതുപ്പള്ളിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്കിനായി വോട്ട് തേടിയെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത്.
പോളിംഗ് ദിവസത്തിന് തൊട്ടു മുന്‍പ് യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജയ്ക്കിന്റെ ചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള പോസ്റ്ററുകളും ജയ്ക്കിന് വോട്ട് തേടിയുള്ള വൈദികന്റെ ശബ്ദ സന്ദേശവും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇത് തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് മന്നം യുവജന വേദി കമ്മീഷന് പരാതി നല്‍കിയത്.
ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ മണര്‍കാട് പള്ളി മൈതാനം പരിപാടിക്കായി വിട്ടുനല്‍കാതിരുന്നത് വിവാദമായിരുന്നു. യുഡിഎഫിനെതിരായി ഇത്തവണ യാക്കോബായ സഭ വിശ്വാസികള്‍ നിലപാടെടുത്തു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്ന പരാതി.