ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ ‘സെക്യുലർ’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഇല്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഈ രണ്ട് വാക്കുകൾ ഭരണഘടനയിലില്ലെങ്കിൽ അത് ആശങ്കാജനകമാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. ഇത് കേന്ദ്രസർക്കാരിന്റെ തന്ത്രപരമായ നീക്കമാണെന്നും അവരുടെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും ചൗധരി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ചൗധരി പാർലമെന്റിൽ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ഈ അവസരത്തിൽ അദ്ദേഹം സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉപയോഗിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അംഗങ്ങൾക്ക് രാജ്യത്തിന്റെ ഭരണഘടനയുടെ പകർപ്പും പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നൽകിയത്.