വാഷിങ്ടൻ∙ യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതിനു പിന്നാലെ ലാറ്റിൻ അമേരിക്കയിലും സമാനമായ ഒരെണ്ണം കണ്ടെത്തി. യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗൺ വക്താവ് പാറ്റ് റൈഡറാണ് ഇക്കാര്യം അറിയിച്ചത്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ നിരീക്ഷിച്ചു വരുകയാണെന്നും പെന്റഗൺ വ്യക്തമാക്കി. എന്നാൽ ബലൂൺ കണ്ടെത്തിയ കൃത്യ സ്ഥലം പുറത്തുവിട്ടിട്ടില്ല.
മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ്– ചൈന നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന സ്ഥിതിയാണ്. യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബെയ്ജിങ് സന്ദർശനം മാറ്റിവച്ചു. വെള്ളിയാഴ്ച രാത്രി ചൈനയ്ക്കു പുറപ്പെടാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ചാരബലൂണ്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ആദ്യമായിട്ടായിരുന്നു യുഎസിലെ ഒരു ഉന്നത നേതാവ് ചൈന സന്ദർശിക്കാൻ ഒരുങ്ങുന്നത്.
യുഎസ് വ്യോമാതിർത്തി ചൈന ലംഘിച്ചതിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബലൂണ്‍ നശിപ്പിക്കരുതെന്നു നിർദേശം നൽകിയതായും വൈറ്റ് ഹൗസ് അറിയിച്ചു. 3 ബസുകളുടെ വലുപ്പം വരുന്ന ബലൂൺ വെടിവച്ചിടാൻ യുദ്ധവിമാനങ്ങൾ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങൾ സുരക്ഷാപ്രശ്നമുണ്ടാക്കാമെന്നു സൈനിക ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അതു വേണ്ടെന്നു നിർദേശം നൽകിയത്.
ചാരബലൂൺ നിരീക്ഷിക്കുന്നത് തുടരുമെന്നും കുറച്ച് ദിവസത്തേക്ക് ഇതു യുഎസിനു മുകളിലുണ്ടായിരിക്കുമെന്നാണ് വിലയിരുത്തലെന്നും പെന്റഗണും അറിയിച്ചു. ബലൂൺ ഇപ്പോൾ വിമാനപാതകൾക്കും മുകളിൽ 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ സഞ്ചരിക്കുകയാണ്. യുഎസ് യുദ്ധവിമാനങ്ങൾ ഇതിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മോണ്ടാനയിലെത്തുന്നതിനു മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. സൈനികമായി യുഎസിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സംസ്ഥാനം. 150 ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണികൾ ഇവിടത്തെ മാൽമസ്ട്രോം എയർഫോഴ്സ് ബേസിലുണ്ട്.