മുംബൈ: ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി. വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പിഴ ചുമത്തിയത്. 70 കോടി രൂപയാണ് കേസില്‍ പിഴ ചുമത്തിയിരിക്കുന്നത്.
2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്.
2007ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയന്‍സ് പെട്രാേളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ 95 പേജുള്ള ഉത്തരവില്‍ പറയുന്നത്.
മൂന്ന് പാര്‍ട്ടികളെയാണ് സംഭവത്തില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. റിലയന്‍സ് പെട്രോളിയം 25 കോടിയും കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 15 കോടിയും നവി മുംബൈ എസ്.ഇ.ഇസഡ് 20 കോടിയും മുംബൈ എസ്.ഇ.ഇസഡ് 10 കോടിയും പിഴയടക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. 45 ദിവസത്തിനുള്ളില്‍ പിഴയടക്കണം.
ഓഹരി വില്‍പ്പനയിലെ ക്രമക്കേടും കബളിപ്പിക്കലും നിക്ഷേപകര്‍ക്ക് മാര്‍ക്കറ്റിലെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവില്‍ സെബി കുറ്റപ്പെടുത്തി. ചെയര്‍മാനും മാനേജിങ് ഡയറക്ടുമായ മുകേഷ് അംബാനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ഷക പ്രതിഷേധത്തില്‍ ജിയോ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെ പരുങ്ങലിലായ റിലയന്‍സിന് സെബിയുടെ നടപടി ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകളായ അംബാനിയെയും അദാനിയെയും സഹായിക്കാനുള്ളതാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ജിയോക്കെതിരെ കടുത്ത നിലപാടുമായി പ്രതിഷേധക്കാര്‍ രംഗത്തു വന്നത്.