KeralaNews

സീറ്റ് ബെൽറ്റ് വേണ്ടവണ്ണം ‌ധരിച്ചില്ല; ഈ തെറ്റ് ഇനിയാരും ആവർത്തിക്കരുത്:ഡോ.വി.വേണു

തിരുവനന്തപുരം: ചെറിയ പിഴവിന് കൊടുക്കേണ്ടിവന്ന വലിയ വിലയാണ് കാറപകടത്തിൽ തനിക്കുണ്ടായ പരുക്കുകളെന്ന് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു പറഞ്ഞു. ‘സീറ്റ് ബെൽറ്റ് വേണ്ടവണ്ണം ധരിച്ചില്ല. നെഞ്ചുഭാഗത്തെ ബെൽ‍റ്റിന്റെ ഭാഗം ഉദാസീനമായി മുകളിലേക്ക് ഉയർത്തി വച്ചു. ബെൽറ്റ് ശരിയായി ധരിച്ചിരുന്നെങ്കിൽ ഞാൻ ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുമായിരുന്നു. ഈ തെറ്റ് ഇനിയാരും ആവർത്തിക്കരുത്’ – വേണു പറഞ്ഞു.

 

കാറപകടത്തിന്റെ പരുക്കിൽ നിന്ന് സുഖം പ്രാപിച്ചു വരുന്ന വേണു അടുത്ത ആഴ്ചയോടെ വീട്ടിലിരുന്ന് ഫയലുകൾ നോക്കിത്തുടങ്ങും. ഭാര്യയും അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും മകനും സുഖം പ്രാപിച്ചു വരുന്നു. രാത്രിയിലെ യാത്ര കഴിവതും ഒഴിവാക്കണം എന്ന പാഠം കൂടി ഈ അപകടത്തിൽ നിന്നു പഠിച്ചു’– വേണു പറഞ്ഞു. 

‘അപകടം വലുതാ‍യിരുന്നിട്ടും ആഘാതം പരിമി‍തപ്പെട്ടത് സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ടു മാത്രമാണ്. പക്ഷേ ശരിയാംവണ്ണം ധരിക്കാത്തതിനുള്ള ശിക്ഷ കിട്ടി. എയർബാഗ് ഉണ്ടായിരുന്നതു കൊണ്ട് മുന്നിലിരുന്നവർ രക്ഷപ്പെട്ടു’. മൂന്നാഴ്ച മുൻപ് കായംകുളത്തിന‍ടുത്തുണ്ടായ അപകടത്തിൽ വേണു‍വിനും  ശാരദ മുരളീധരനും മകനും ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റിരുന്നു.

ചികിത്സയിലായിരുന്ന വേണുവും കുടുംബവും തിരുവനന്തപുരത്തെ വസതിയിൽ വിശ്രമത്തിലാണ്.  വേണുവിന് രണ്ട് ശസ്ത്രക്രിയ വേണ്ടിവന്നു. 7 പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഗൺമാനും സുഹൃത്തുക്കളും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. 

‘സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ ഫോൺ കോളുകൾ എടുക്കുന്നില്ല. അണുബാധ ഭയന്ന് സന്ദർശകരെയും അനുവദിക്കുന്നില്ല. വാരിയെല്ലുക‍ൾക്കുണ്ടായ ഒടിവു കാരണം ശാരദ‍യ്ക്കു കു‍റെ നാൾ പൂർണ വിശ്രമം ആവശ്യമാണ്’–വേണു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button