ഡ്യൂട്ടിക്കിടെ സ്‌കൂട്ടറിൽ കാർ ഇടിച്ചുകയറി; റിയാദിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ഡ്യൂട്ടിക്കിടെ സ്‌കൂട്ടറിൽ കാർ ഇടിച്ചുകയറി; റിയാദിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു; വേദനയോടെ കുടുംബം

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദാരുണമായി മരണമടഞ്ഞു. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പിൽ തോമസിന്റെയും നെസിയുടെയും മകൻ വില്യംസ് (31) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ജൂൺ 29-ന് റിയാദിലെ സുലൈയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഒരു വർഷം മുമ്പ് തൊഴിൽ വിസയിൽ റിയാദിലെത്തിയ വില്യംസ്, പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനിയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഡ്യൂട്ടിക്കിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വില്യംസിനെ ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ നാലിന് മരണമടഞ്ഞു. ജിഷ്മയാണ് ഭാര്യ. ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്. ജോസഫ് സഹോദരനാണ്.

അപകടസമയത്ത് ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് അജ്ഞാതമായിരുന്നു. തുടർന്ന് ആശുപത്രിയിലെ മലയാളി നഴ്‌സായ ബിനീഷിന്റെ സഹായത്തോടെ റിയാദ് ഒ.ഐ.സി.സി ഭാരവാഹി മാത്യൂ ജോസഫ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് വില്യംസിനെ തിരിച്ചറിയാൻ സാധിച്ചത്. തുടർന്ന് ഷാജഹാൻ താജ് കോൾഡ് സ്റ്റോറേജും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News