News

അടുത്ത കൊവിഡ് തരംഗം എട്ട് മാസത്തിനുള്ളില്‍! കാരണം വ്യക്തമാക്കി വിദഗ്ധര്‍

ന്യൂഡല്‍ഹി: വരുന്ന എട്ട് മാസത്തിനുള്ളില്‍ കൊവിഡ് 19ന്റെ പുതിയ തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം രൂപപ്പടുമെന്നും ഇത് അടുത്ത തരംഗത്തിനു കാരണമാകുമെന്നുമാണ് പ്രവചനം. ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗമായ ആരോഗ്യവിദഗ്ധനാണ് മുന്നറിയിപ്പ് നല്‍കിയത്.

ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ബിഎ2വിന് കൂടുതല്‍ പകര്‍ച്ചാശേഷിയുണ്ടെങ്കിലുംഇത് പുതിയ തരംഗത്തിനു കാരണമാകാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അടുത്ത ആറു മുതല്‍ എട്ടു വരെ മാസങ്ങള്‍ക്കു ശേഷം പുതിയ തരംഗം രൂപപ്പെടുമെന്നും അത് കൊവിഡിന്റെ പുതിയ വകഭേദം മൂലമായിരിക്കുമെന്നും ഡോ. രാജീവ് ജയദേവന്‍ വ്യക്തമാക്കി.

കൊവിഡ് 19 മഹാമാരി ഏറെക്കാലം നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘വൈറസ് ഇവിടെത്തന്നെയുണ്ടാകും. ഏറെക്കാലം രോഗവ്യാപനം കൂടിയും കുറഞ്ഞുമിരിക്കും. പുതിയ വകഭേദങ്ങള്‍ ഉണ്ടാകുമ്പോള്‍ രോഗവ്യാപനം കുത്തനെ ഉയരും. ഇനി അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയില്ല. എന്നാല്‍ ഇതുവരെയുള്ള ചരിത്രം നമ്മോടു പറയുന്നത് അടുത്ത എട്ട് മാസത്തിനുള്ളില്‍ അടുത്ത തരംഗമുണ്ടാകുമെന്നാണ്.’ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോ ചെയര്‍മാന്‍ കൂടിയായ ഡോ. രാജീവ് ജയദേവന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. കൊവിഡിനെതിരെ പ്രതിരോധം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത തരംഗത്തിലും പുതിയ കൊവിഡ് വകഭേദം പ്രതിരോധ ശേഷിയെയും വാക്‌സിനേഷനെയും അതിജീവിക്കുന്ന സവിശേഷതകള്‍ കാണിക്കുമെന്ന് അദ്ദഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കൂടുതല്‍ പേരിലേയ്ക്ക് രോഗമെത്താന്‍ സാധിക്കുന്ന വിധം വൈറസില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ഈ കഴിവ് വീണ്ടും കൂടുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ രോഗം പകരുകയും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്താലും വീണ്ടും രോഗബാധയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് തരംഗങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നു മുന്‍പ് യേല്‍ സര്‍വകലാശാലയിലെ വിദഗ്ധരും പറഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ പുതിയ തരംഗങ്ങള്‍ ഉണ്ടാകുമെന്നും കൊവിഡ് ഉടന്‍ അവസാനിക്കില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഒന്നിലധികം തവണ കൊവിഡ് പിടിപെടുമെന്നുള്ളത് വാസ്തവമാണെന്നും അടുത്ത വകഭേദം ഒമിക്രോണ്‍ പോലെ രോഗതീവ്രത കുറഞ്ഞതാകണമെന്ന് നിര്‍ബന്ധമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഓരോ തവണയും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുമ്പോള്‍ പ്രതിരോധശേഷിയെ മറികടക്കാനുള്ള വാക്‌സിന്റെ കഴിവ് വര്‍ധിക്കുകയാണെന്നാണ് പ്രൊഫസര്‍ അകികോ ഇവസാകി പറയുന്നത്. ഡെല്‍റ്റ വകഭേദത്തില്‍ നിന്നു രക്ഷപെടാനായി ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്ത് പ്രതിരോധ ശേഷി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ പടി ഒമിക്രോണ്‍ ഇതിനോടകം ചാടിക്കടന്നെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ മഹാമാരിയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ പുതിയ ആന്റി വൈറല്‍ മരുന്നുകള്‍ രംഗത്തെത്തി. വാക്‌സിനുകള്‍ എല്ലാവര്‍ക്കും ലഭ്യമായി. ഇതോടൊപ്പം കൊവിഡ് തനിയെ പരിശോധിച്ച് ഫലമറിയാവുന്ന കിറ്റുകളും സാര്‍വത്രികമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുകൊണ്ട് മഹാമാരിയുടെ അവസാനമായെന്നു പറയാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button