28.9 C
Kottayam
Thursday, May 2, 2024

നവംബര്‍ ഒന്നിന് തന്നെ സ്കൂൾ തുറക്കും, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാസമന്ത്രി വി ശിവന്‍കുട്ടി.ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച്‌ കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരും ആശങ്കയ്ക്കും വകനല്‍കാത്ത രീതിയിലാവും മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുക. എല്ലാ പ്രതിരോധ നടപടികളും തയ്യാറാക്കും. എത്രയും പെട്ടന്ന് തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരുമെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് ക്രമീകരിക്കാനാണ് ആലോചന. ഉച്ചവരെ സ്‌കൂളിലെ ക്ലാസും അതിന് ശേഷം ഓണ്‍ലൈന്‍ ക്ലാസ് ആക്കാനും ആലോചയുണ്ട്. പ്രൈമറി തലങ്ങളിൽ ബയോബബിള്‍ ആശയം അടിസ്ഥാനമാക്കും.

സ്‌കൂളുകള്‍ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷക്കാലമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ 1 മുതല്‍ തുറക്കുകയാണ്. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിക്കുക. നവംബര്‍ 15 മുതല്‍ മറ്റുള്ള ക്ലാസുകള്‍ ആരംഭിക്കും.വിദ്യാഭ്യാസ, ആരോഗ്യവകുപ്പ് മന്ത്രിമാര്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി.

കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചര്‍ച്ച നടത്തും. കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അധ്യാപകരക്ഷകര്‍ത്തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവ തുറക്കുന്ന സാഹചര്യത്തില്‍ യാത്രാവേളയില്‍ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തും. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ ആരേയും അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സംവിധാനമൊരുക്കും.

സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കും. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം പരിശീലനം നല്‍കും. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം നല്‍കുക. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത, സാനിടൈസര്‍, മാസ്‌ക് എന്നിവ ശരിയായി ഉപയോഗിക്കേണ്ട വിധം മുതലായ കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വൺ സീറ്റ് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. നിലവില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുള്ള സീറ്റുകളുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.

സര്‍ക്കാര്‍ മേഖലയ്ക്ക് ആനുപാതികമായിട്ടാകും അണ്‍ എയ്ഡഡ് മേഖലയിലും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക. എന്നാല്‍ മാനേജ്‌മെന്റ്കളുടെ അപേക്ഷകള്‍ കൂടി പരിഗണിച്ച ശേഷം ആകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സര്‍ക്കാര്‍ മേഖലയില്‍ ആവശ്യമെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കും. രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് അടുത്ത മാസം ഏഴിന് പ്രസിദ്ധീകരിക്കും. ഇതിനുശേഷം ഏതെങ്കിലും ജില്ലയില്‍ സീറ്റ് ക്ഷാമം നേരിട്ടാല്‍ അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ സീറ്റ് ആഗ്രഹിച്ച മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭ്യമാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

നേരത്തെ തന്നെസംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം രൂക്ഷമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇക്കാര്യം പ്രതിപക്ഷം അടക്കം നിയമസഭയില്‍ ശക്തമായി ഉന്നയിച്ചിരുന്നു.എന്നാല്‍ അപേക്ഷിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ സീറ്റ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നുസര്‍ക്കാരിന്റെ അവകാശവാദം.

ഇതിനെ ഖണ്ഡിക്കുന്ന കണക്കുകളാണ് ബുധനാഴ്ച പുറത്തുവന്നത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 2,18,418 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. ആകെ 4,65219 പേര്‍ അപേക്ഷിച്ചപ്പോഴാണ് 2,18,418 പേര്‍ക്ക് സീറ്റ് ലഭ്യമായത്. മെറിറ്റില്‍ ഇനി ബാക്കിയുള്ളതാകട്ടെ 52,700 സീറ്റുകളും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എസ്എസ്എല്‍സി വിജയിച്ച കുട്ടികളുടെ എണ്ണത്തിലും മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായതാണ് സീറ്റ് പ്രതിസന്ധിക്ക് കാരണം. മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും വീടിനടുത്തുള്ള സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളത്.മലബാര്‍ ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. പ്രത്യേകിച്ച്മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഏറ്റവും കൂടുതല്‍ സീറ്റ് ക്ഷാമം നേരിടുന്നത്

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള നടപടികള്‍ രാവിലെ ഒമ്പതിനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള നടപടികള്‍ പത്തുമണിക്കുമാണ് ആരംഭിച്ചത്. ബുധനാഴ്ച ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിന് കോവിഡ് സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം ഒന്നാം തീയതി വരെയാണ് ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റിലുള്ളവരുടെ പ്രവേശനം നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week