ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ എത്തുന്നത് വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി. വ്യാഴാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഈ വിഷയത്തെ കുറിച്ച് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി കുറഞ്ഞിരുന്നു. നവംബര്‍ ഏഴിന് 15 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. അതില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയില്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്നാല്‍ മാത്രമേ രോഗം നിയന്ത്രണവിധേയമെന്ന് പറയാനാകൂ. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. വൈകാതെ കോവിഡ് വാക്‌സിന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ സ്ഥിതി നിയന്ത്രണവിധേയമാക്കി നില നിര്‍ത്തണം. സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.