തൃശൂര്‍: തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്.
ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായാണ് ആക്ഷേപം. തുടര്‍ന്ന് ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിക്കു പിന്തുണയുമായി സുനില്‍ കുമാര്‍ എത്തി.
ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ചു ലൈംഗിക ചുവയോടെ വിളിച്ചു സംസാരിച്ചുവെന്നു വിദ്യാര്‍ഥിനി ആരോപിക്കുന്നു. പെണ്‍കുട്ടിയോടു കടുത്ത പ്രണയമാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
മാനസിക സമ്മര്‍ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.