തിരുവനന്തപുരം:ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരകളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളുടേയും മേൽക്കൂര രണ്ടുവർഷത്തിനുള്ളിൽ നീക്കം ചെയ്ത് പകരം അനുയോജ്യമായ മേൽക്കൂര സ്ഥാപിക്കാൻ 2019 ൽ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ,അലുമിനിയം ഷീറ്റുകൾ എന്നിവയാൽ നിർമ്മിതമല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകാവൂ എന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു.
എന്നാൽ കോവിഡ് മഹാമാരിക്കാലവും ലോക്ഡൗണുമൊക്കെ ഈ പ്രവർത്തനങ്ങൾക്ക് വിഘാതമായി. നവംബർ ഒന്നിന് സ്കൂളുകൾ തുറന്നതോടെ ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവകൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാവാതെ വന്നു.
ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ,അലുമിനിയം ഷീറ്റുകൾ തുടങ്ങിയവ കൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാം. ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ കൊണ്ടു നിർമ്മിച്ച മേൽക്കൂരകൾ ഉള്ള സ്കൂളുകളിൽ അവ മാറ്റി പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനും
പുതുതായി നിർമിച്ച ബഹു നിലകളുള്ള സ്‌കൂളുകൾക്ക് ഫയർ സേഫ്റ്റി സൗകര്യം ലഭ്യമാക്കുന്നതിനും സമയം ആവശ്യമുണ്ട് എന്ന് സർക്കാർ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ പ്രവർത്തികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കും എന്ന വ്യവസ്ഥയിൽ പ്രസ്തുത സ്കൂളുകൾക്ക് താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് നിർദ്ദേശം നൽകി ഉത്തരവാകുന്നു എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.