തിരുവനന്തപുരം: കൊവിഡ് വ്യാപനം (Covid 19) അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്കൂളുകളുടെ (School) പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് (Education department) വിളിച്ചു ചേര്‍ത്ത ഉന്നതലയോഗം ഇന്ന് നടക്കും.
ഒന്ന് മുതല്‍ 9 വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈന്‍ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്‍റെ പുരോഗതി, എന്നിവ യോഗം ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ മണിക്കാണ് യോഗം.
ഡി ഡി, ആര്‍ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം നടക്കുക. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പരീക്ഷാ തിയ്യതി തല്‍ക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 49,771 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.